ടോക്കിയോ: ശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യത ഉയർന്ന സാഹചര്യത്തിൽ ജപ്പാന്റെ പടിഞ്ഞാറൻ മേഖലകളിൽ 20 ലക്ഷത്തിലധികം ആളുകൾക്ക് ഒഴിപ്പിക്കൽ നിർദേശം നൽകി. രണ്ട് ചുഴലിക്കാറ്റുകൾ രാജ്യത്തേക്ക് അടുക്കുന്നതിനെ തുടർന്ന് ജപ്പാൻ അധികൃതർ ജാഗ്രതാ നിർദേശം ശക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ അറിയിപ്പുപ്രകാരം, ഹിഗോസ് (Higos) ചുഴലിക്കാറ്റ് പസഫിക് സമുദ്രത്തിൽ നിന്ന് വടക്കോട്ട് നീങ്ങി ശനിയാഴ്ച കരതൊടാൻ സാധ്യതയുണ്ട്. അതേസമയം മെഖ്ഖല (Mekkhala) ചുഴലിക്കാറ്റ് വെള്ളിയാഴ്ച തെക്കുപടിഞ്ഞാറൻ ജപ്പാനിലെ അമാമി മേഖലയിലേക്ക് അടുക്കുകയും തുടർന്ന് കാന്റോ മേഖലയിലേക്ക് നീങ്ങാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഇരുചുഴലിക്കാറ്റുകളും പിന്നീട് ശക്തി കുറഞ്ഞ് എക്സ്ട്രാട്രോപ്പിക്കൽ സൈക്ലോണുകളായി മാറുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. എന്നിരുന്നാലും കനത്ത മഴയും അപകടകരമായ കാലാവസ്ഥയും തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ജപ്പാനിലെ ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഏജൻസിയുടെ കണക്കുകൾ പ്രകാരം, കിങ്കി, ക്യൂഷു മേഖലകളിലെ 13 പ്രിഫെക്ചറുകളിലായി 20 ലക്ഷത്തിലധികം പേർക്ക് വെള്ളിയാഴ്ച രാവിലെ ഒഴിപ്പിക്കൽ നിർദേശം നൽകിയിട്ടുണ്ട്.
ക്യോട്ടോ പ്രിഫെക്ചറിലെ സെയ്ക പട്ടണത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ ഏറ്റവും ഉയർന്ന ലെവൽ-5 അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
നാഗസാക്കി പ്രിഫെക്ചറിലെ ഗോട്ടോ പ്രദേശത്ത് ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച രാവിലെ വരെ ഏകദേശം 600 മില്ലിമീറ്റർ മഴ ലഭിച്ചു. കുമമോട്ടോ പ്രിഫെക്ചറിലെ അസോ, സാഗ പ്രിഫെക്ചറിലെ ഉറെഷിനോ എന്നിവിടങ്ങളിൽ 500 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി.
ശനിയാഴ്ച വരെ ടോകായ് മേഖലയിൽ 300 മില്ലിമീറ്റർ വരെയും കാന്റോ-കോഷിൻ മേഖലയിലായി 150 മില്ലിമീറ്റർ വരെയും അധികമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മിന്നൽപ്രളയം, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തസാധ്യതകൾ കണക്കിലെടുത്ത് സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.



