എൽ നിനോ ശക്തമാകുന്നു….!

Anaidha S Karyat
2 Min Read

പനാമ കനാലിൽ കപ്പൽ ഗതാഗതം നിയന്ത്രിച്ചേക്കുമെന്ന് മുന്നറിയിപ്പ്.

പനാമ: ആഗോള സമുദ്ര വ്യാപാരത്തിന്റെ സുപ്രധാന പാതയായ പനാമ കനാലിൽ കപ്പൽ ഗതാഗതം വെട്ടിക്കുറച്ചേക്കുമെന്ന് കനാൽ അധികൃതർ അറിയിച്ചു. ശക്തമായിക്കൊണ്ടിരിക്കുന്ന എൽ നിനോ പ്രതിഭാസവും അതിനെത്തുടർന്നുണ്ടാകുന്ന കടുത്ത വരൾച്ചയുമാണ് ഈ ആശങ്കക്ക് കാരണം. പനാമ കനാൽ അതോറിറ്റിയുടെ പുതിയ അഡ്മിനിസ്ട്രേറ്റർ ഇല്ല്യ എസ്‌പിനോ ഡി മറോറ്റയാണ് ഈ മുന്നറിയിപ്പ് നൽകിയത്.

നിലവിൽ കനത്ത ചൂടിനെതുടർന്ന് ആഗസ്റ്റ് 26ന് തന്നെ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കനാലിലൂടെയുള്ള പ്രതിദിന കപ്പൽ ഗതാഗതം ഇതിനോടകം തന്നെ കുറച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 36 ആയിരുന്ന പ്രതിദിന കപ്പൽ പരിധി സെപ്റ്റംബർ 4 മുതൽ 34 ആയി ചുരുക്കിയിരുന്നു. ഇത് സെപ്റ്റംബർ 15 മുതൽ 32 ആയി വീണ്ടും കുറയും.

വരൾച്ച കൂടുതൽ രൂക്ഷമാവുകയാണെങ്കിൽ അടുത്ത വർഷം ഫെബ്രുവരിയോ മാർച്ച് മാസത്തോടുകൂടി ഈ പരിധി 29 ആയോ അതിൽ താഴെയോ ആയി കുറ​ക്കേണ്ടി വന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന പനാമ കനാൽ പൂർണമായും പ്രവർത്തിക്കുന്നത് ശുദ്ധജലത്തെ ആശ്രയിച്ചാണ്.

കപ്പലുകളെ ഉയർത്താനും താഴ്ത്താനുമുള്ള ലോക്കുകൾ പ്രവർത്തിപ്പിക്കാൻ ഗാതുൻ, അലാജുവേല എന്നീ കൃത്രിമ തടാകങ്ങളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഓരോ തവണ കനാൽ കടന്നുപോകുമ്പോഴും ഏകദേശം 20 കോടി ലിറ്റർ വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്.

Ref.No:AS-994-019-50

ഈ വർഷത്തെ എൽ നിനോ കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഒന്നായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വരുന്ന സെപ്റ്റംബർ, ഒക്ടോബർ, നവംബർ എന്നീ നിർണ്ണായക മാസങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവിനെ ആശ്രയിച്ചായിരിക്കും വരും മാസങ്ങളിലെ കപ്പൽ നിയന്ത്രണങ്ങൾ തീരുമാനിക്കുക.

2023-24 കാലഘട്ടത്തിലെ കടുത്ത വരൾച്ചക്കാലത്ത് പ്രതിദിന കപ്പൽ ഗതാഗതം 22 ആയി കൂപ്പുകുത്തിയിരുന്നുവെങ്കിലും, ഇത്തവണ അത്രകണ്ട് രൂക്ഷമായ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

കപ്പലുകളുടെ എണ്ണം കുറക്കുന്നതിന് പുറമെ, കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ ആവശ്യമായ ജല ആഴത്തിന്റെ പരിധിയും 15.2 മീറ്ററിൽ നിന്ന് 14.6 മീറ്ററായി കുറച്ചിട്ടുണ്ട്. ഇതിനർത്ഥം കപ്പലുകൾക്ക് മുമ്പത്തേക്കാൾ കുറഞ്ഞ അളവിലാണ് ചരക്കുകൾ കൊണ്ടുപോകാൻ സാധിക്കുക എന്നാണ്.

ഇറാനെതിരെയുള്ള സംഘർഷങ്ങൾ കാരണം ഹുർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടതിനാൽ, ആഗോള സമുദ്ര വ്യാപാരത്തിൽ പനാമ കനാലിന്റെ പ്രാധാന്യം ഇപ്പോൾ അത്യധികം വർധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചില കപ്പലുകൾ കനാലിലൂടെ മുൻഗണനാടിസ്ഥാനത്തിൽ കടന്നുപോകാൻ 10 ലക്ഷം ഡോളറിലധികം തുക ലേലത്തിൽ നൽകുന്നുണ്ട്.

ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കുന്നതിനായി റിയോ ഇന്റിയോ നദിയിൽ പുതിയ റിസർവോയർ നിർമ്മിക്കാൻ പനാമ പദ്ധതിയിടുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാകുന്ന ഈ പദ്ധതിയിലൂടെ കനാൽ പ്രവർത്തനങ്ങൾക്കും രാജ്യത്തെ ജനങ്ങൾക്കും അടുത്ത അഞ്ച് പതിറ്റാണ്ടത്തേക്ക് ആവശ്യമായ വെള്ളം തടസ്സമില്ലാതെ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×