യു.എ.ഇ-ഇസ്രായേൽ ബന്ധം ശക്തിപ്പെടുത്താൻ ചർച്ച.
അബൂദബി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബൂദബിയിലെത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇ-ഇസ്രായേൽ ഉഭയകക്ഷി ബന്ധങ്ങളും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തതായി യു.എ.ഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതോടൊപ്പം മേഖല നേരിടുന്ന വിവിധ വെല്ലുവിളികളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസും സമൂഹമാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തിൽ പ്രസംഗിച്ചതിന് ശേഷമാണ് നെതന്യാഹു യു.എ.ഇയിലെത്തിയത്. ഭാര്യയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

2020 സെപ്റ്റംബറിലാണ് യു.എ.ഇയും ഇസ്രായേലും നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചത്. അബ്രഹാം കരാർ എന്നറിയപ്പെടുന്ന ഈ കരാർ മിഡിൽ ഈസ്റ്റിൽ സമാധാനം ശക്തിപ്പെടുത്തുകയും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.
അതേസമയം, ഇസ്രായേലുമായി നയതന്ത്രബന്ധം നിലനിർത്തുന്നതിനൊപ്പം ഗസ്സയിലെ ഇസ്രായേൽ നടപടികളെ യു.എ.ഇ തുടർച്ചയായി അപലപിക്കുകയും ഫലസ്തീൻ ജനതയ്ക്ക് സാമ്പത്തികവും മാനുഷികവുമായ സഹായം നൽകുകയും ചെയ്തിട്ടുണ്ട്.
2025 സെപ്റ്റംബറിൽ അധിനിവേശ വെസ്റ്റ് ബാങ്ക് പ്രദേശം ഇസ്രായേൽ കൂട്ടിച്ചേർക്കാനുള്ള നീക്കം അബ്രഹാം ഉടമ്പടിയുടെ ലക്ഷ്യത്തെയും ആത്മാവിനെയും തകർക്കുമെന്ന് രാജ്യം മുന്നറിയിപ്പ് നൽകിയിരുന്നു.




