‘ഞാൻ അവർക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല’:

Anaidha S Karyat
2 Min Read

ഇറാന് ഉപരോധ ഇളവ് നൽകിയെന്ന റിപ്പോർട്ട് തള്ളി ട്രംപ്.

വാഷിങ്ടൺ: ഇറാന് ഉപരോധങ്ങളിൽ ഇളവ് വാഗ്ദാനം ചെയ്തു എന്ന റിപ്പോർട്ടുകൾ തള്ളി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ വിഷയത്തിൽ വ്യക്തമായ പുരോഗതി കൈവരിച്ചാൽ മരവിപ്പിച്ച ഇറാന്റെ ഫണ്ടുകൾ വിട്ടുനൽകാനും ഉപരോധങ്ങളിൽ ഇളവ് നൽകാനും വാഷിങ്ടൺ തയാറാണെന്ന തരത്തിൽ ആക്സിയോസ് പുറത്തുവിട്ട റിപ്പോർട്ടാണ് ട്രംപ് നിഷേധിച്ചത്.

‘ഞാൻ അവർക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വാർത്ത പൂർണമായും വ്യാജമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആക്സിയോസ് ആണ് ഇത് സംബന്ധിച്ച വാർത്ത ആദ്യം പുറത്തുവിട്ടത്. അന്തിമ കരാറിന്റെ ഭാഗമായി ഇറാൻ ആണവ വിഷയത്തിൽ കൃത്യമായ പുരോഗതി കാണിച്ചാൽ ഉപരോധ ഇളവ് നൽകാൻ അമേരിക്ക തയാറാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ടിനെതിരെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്.

Ref.No:AS-994-019-50

ഇറാന് ഉപരോധ ഇളവും മരവിപ്പിച്ച ഫണ്ടും ട്രംപ് വാഗ്ദാനം ചെയ്തു എന്ന് ആക്സിയോസ് ഒരു സ്റ്റോറി പുറത്തുവിട്ടു. ഇത് അസത്യമാണ്. ഞാൻ അവർക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. മറ്റുള്ളവയെപ്പോലെ ആക്സിയോസിന്റെ സ്റ്റോറിയും ഒരു തട്ടിപ്പാണ്, ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോമിനെ തൃപ്തിപ്പെടുത്താൻ മാത്രം ഉപയോഗിക്കുന്നതാണ്. അവർ ഈ വ്യാജ വാർത്ത ഉടൻ പിൻവലിക്കണം’ എന്നാണ് ട്രംപ് കുറിച്ചത്.

ഇറാൻ കൈയ്യിലുണ്ടായിരുന്ന സുവർണാവസരം പാഴാക്കിയെന്നും ട്രംപ് കുറ്റപ്പെടുത്തി. ഞായറാഴ്ച ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ, ഈ ആഴ്ച ഇറാനുമായി കൂടുതൽ ചർച്ചകൾ നടക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു. ‘അവർ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ അത് ഞാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന കരാറല്ല. ഒരു വർഷം മുമ്പ് നമ്മൾ സമ്മതിച്ചിരുന്ന കരാറാണിത്. അവർ അവരുടെ കൈയ്യിലെ അവസരം പാഴാക്കി എന്നാണ് ട്രംപ് പറഞ്ഞത്.

ഇറാൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അമേരിക്കക്ക് സ്വീകാര്യമല്ലെന്ന സൂചനയാണ് ട്രംപ് നൽകിയത്. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെ സംബന്ധിച്ച ഇറാന്റെ ഏറ്റവും പുതിയ നിർദേശവും ട്രംപ് തള്ളിയിരുന്നു. അത് അസ്വീകാര്യമാണ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ലോക എണ്ണ വിതരണത്തിന്റെ നട്ടെല്ലായ ഹുർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം വന്നത്. അതേസമയം, ആണവ വിഷയത്തിൽ അയവുവരുത്താൻ ഇറാൻ സന്നദ്ധമാണെന്ന് സൂചന നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×