എയർ ഇന്ത്യ എക്സ്പ്രസിന്റെയും ആകാശ എയറിന്റെയും 96 വിമാനങ്ങളെ ബാധിച്ചേക്കും.
ന്യൂഡൽഹി: ബോയിങ് 737 മാക്സ് വിമാനങ്ങളിലെ ഓട്ടോമേറ്റഡ് ഫ്ലൈറ്റ് ഗൈഡൻസ് സംവിധാനത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം കണ്ടെത്തി. ഇത് ഇന്ത്യയിലെ 96 വിമാനങ്ങളുടെ സർവിസുകളെ ബാധിച്ചേക്കും.
ഇന്ത്യയിൽ എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നിവ 96 ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസിൽ 53ഉം ആകാശ എയറിൽ 43 ഉം ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.

പ്രശ്നം കണ്ടെത്തിയതിന് പിന്നാലെ എല്ലാ ബോയിങ് 737 ഓപറേറ്റർമാരെയും കഴിഞ്ഞ മാസം തന്നെ വിവരം അറിയിച്ചിരുന്നുവെന്നും സ്ഥിരമായ പരിഹാരത്തിനായി പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് തയാറാക്കുകയാണെന്നും ബോയിങ് വക്താവ് അറിയിച്ചു.
ബോയിങ്ങുമായി സഹകരിച്ച് പ്രശ്നം പരിശോധിച്ചുവരികയാണെന്ന് ആകാശ എയർ അറിയിച്ചു. നിലവിലെ പ്രശ്നം തങ്ങളുടെ വിമാന സർവീസുകളുടെ സുരക്ഷയെ ബാധിക്കുന്നില്ലെന്നും സ്ഥാപിത നടപടിക്രമങ്ങളും നിയന്ത്രണ സംവിധാനങ്ങളും പാലിച്ചാണ് വിമാനങ്ങൾ സർവീസ് നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കി.
എന്നാൽ എത്ര 737 മാക്സ് വിമാനങ്ങളെയാണ് സോഫ്റ്റ്‌വെയർ പ്രശ്നം നേരിട്ട് ബാധിച്ചതെന്ന് ആകാശ വ്യക്തമാക്കിയിട്ടില്ല. അതേസമയം, സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചിട്ടില്ല.
ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് വീണ്ടും ലാൻഡ് ചെയ്യുന്നതിനിടെ (ഗോ എറൗണ്ട്) നേരത്തെ നിശ്ചയിച്ചിരുന്ന റൂട്ടിൽനിന്ന് വ്യത്യസ്തമായ പാത തിരഞ്ഞെടുക്കുമ്പോൾ ഓട്ടോമേറ്റഡ് ഗൈഡൻസ് സംവിധാനം പ്രവർത്തനം നിർത്താൻ സാധ്യതയുണ്ടെന്നാണ് ബോയിങ് കണ്ടെത്തിയതെന്നാണ് വിവരം.
വിമാനം ലാൻഡ് ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ച് വീണ്ടും ഉയർന്ന് മറ്റൊരു ലാൻഡിങ് ശ്രമം നടത്തുന്നതിനിടെയാണ് പ്രശ്നം ഉണ്ടാകാൻ സാധ്യത. പ്രശ്നം പരിഹരിക്കുന്നതിനായി സ്ഥിരമായ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് തയാറാക്കുകയാണെന്ന് ബോയിങ് അറിയിച്ചു.




