ശൈഖ് നഹ്‌യാൻ ബിൻ മുബാറകിനെ സന്ദർശിച്ച് മിസ് യൂനിവേഴ്‌സ് ഇന്ത്യ ജേതാവ് കസിയ ലിസ് മെജോ:

Anaidha S Karyat
1 Min Read

വരാനിരിക്കുന്ന അന്താരാഷ്ട്ര മിസ് യൂനിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്നതിനു മുന്നോടിയായാണ് സന്ദർശനം.

അബൂദബി: വരാനിരിക്കുന്ന അന്താരാഷ്ട്ര മിസ് യൂനിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി യു.എ.ഇ സഹന, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് ആൽ നഹ്‌യാനെ സന്ദർശിച്ച് ‘മിസ് യൂനിവേഴ്‌സ് ഇന്ത്യ 2026’ വിജയി കസിയ ലിസ് മെജോ.

യു.എ.ഇയിൽ വളർന്ന മലയാളിയായ കസിയ ഇൻസ്റ്റാഗ്രാം പേജിലാണ് ശൈഖ് നഹ്‌യാൻ ബിൻ മുബാറകിനെ സന്ദർശിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ‘കിരീടം കേവലം സൗന്ദര്യത്തിന്‍റെ പ്രതീകമല്ല, അത് രാഷ്ട്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സൗഹൃദപ്പാലമാണ്’ എന്ന അടിക്കുറിപ്പോടെയാണ് ശൈഖ് നഹ്‌യാനെ സന്ദർശിച്ചതിന്‍റെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Ref.No:AS-994-019-50

ഈ കൂടിക്കാഴ്ച തന്‍റെ യാത്രയിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളിൽ ഒന്നാണെന്ന് കസിയ വിശേഷിപ്പിച്ചു. കൂടുതൽ ഐക്യമുള്ള ഒരു ലോകം പടുത്തുയർത്തുന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ മന്ത്രിയുമായി ചർച്ച ചെയ്തു. ആഗോള വേദിയിലേക്ക് കടക്കുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്‍റെ അനുഗ്രഹം തേടിയതായും കസിയ വ്യക്തമാക്കി.

മാതൃരാജ്യമായ ഇന്ത്യയോടും വളർന്നുവന്ന യു.എ.ഇയോടും ഒരുപോലെ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് കസിയ പറഞ്ഞു. താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഇന്ത്യയുടെ പ്രതിനിധിയാകാനാണ് എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്.

ഈ മിസ് യൂനിവേഴ്‌സ് യാത്ര അതിന്‍റെ തുടക്കം മാത്രമാണെന്നും കസിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതിനുപുറമേ, സിറിയൻ പ്രസിഡന്‍റിൽ നിന്ന് തനിക്ക് ലഭിച്ച പൂക്കളും ആശംസാ കാർഡുകളും അടങ്ങുന്ന പ്രത്യേക സമ്മാനത്തിന്‍റെ ചിത്രങ്ങളും കസിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

2026 ആഗസ്റ്റിലാണ് കസിയ മിസ് യൂനിവേഴ്‌സ് ഇന്ത്യ കിരീടം ചൂടിയത്. കേരളത്തിൽ നിന്നുള്ള നിയമവിദ്യാർഥിയായ കസിയ വളർന്നത് അബൂദബിയിലാണ്. ഈ വർഷം അവസാനം നടക്കുന്ന മിസ് യൂനിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് താരം. ഇരുരാജ്യങ്ങളുടെയും പിന്തുണയോടെ ആഗോള മത്സരവേദിയിൽ തിളങ്ങാനൊരുങ്ങുകയാണ് കസിയ ലിസ് മെജോ.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×