ചെമ്മണാംപതിയിൽ കർഷകർ ആശങ്കയിൽ
മുതലമട: മലയോര കർഷകരുടെ സംരക്ഷണത്തിനായി 1.62 കോടി രൂപ ചെലവിൽ മുതലമടയിൽ സ്ഥാപിച്ച സോളാർ തൂക്കുവേലിയുടെ പ്രധാന ഭാഗം കാട്ടാനക്കൂട്ടം തകർത്തു. ചെമ്മണാംപതി പുളിയങ്കണ്ടി മേഖലയിലാണ് 13 കിലോമീറ്റർ നീളമുള്ള വൈദ്യുത തൂക്കുവേലിയുടെ ഭാഗങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടത്.
രണ്ട് ദിവസം മുമ്പ് രാത്രിയെത്തിയ കാട്ടാനക്കൂട്ടമാണ് വേലി തകർത്തത്. പോസ്റ്റുകൾ കുത്തിമറിച്ചും കമ്പികൾ വലിച്ചുപൊട്ടിച്ചുമാണ് ആനകൾ വേലി നശിപ്പിച്ചത്. സോളാർ പാനലുകളും ബാറ്ററികളും കമ്പികളും ഉൾപ്പെടെ തകർന്ന നിലയിലാണ്.

ചെമ്മണാംപതി മുതൽ ചപ്പക്കാട് വെള്ളാരംകടവ് വരെ നീളുന്ന വേലിയുടെ നിർണായക ഭാഗമാണ് പുളിയങ്കണ്ടിയിൽ തകർന്നത്. വേലി തകർന്നതോടെ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും എത്താനുള്ള സാധ്യത വർധിച്ചതായി പ്രദേശത്തെ കർഷകർ ആശങ്കപ്പെടുന്നു.
2024 സെപ്റ്റംബർ 28ന് നിർമാണോദ്ഘാടനം ചെയ്ത പദ്ധതി കഴിഞ്ഞ ജൂലൈയിലാണ് പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് 90 ലക്ഷം രൂപയും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയും ഉൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടാണ് പദ്ധതിക്കായി വിനിയോഗിച്ചത്.
വേലി പുനർനിർമിക്കാൻ ഏകദേശം 80 ലക്ഷം രൂപ കൂടി വേണ്ടിവരുമെന്നാണ് നാട്ടുകാരുടെ കണക്ക്. തകർന്ന വേലി അടിയന്തരമായി പുനഃസ്ഥാപിച്ച് വന്യമൃഗശല്യത്തിൽനിന്ന് കർഷകരെയും ജനവാസ മേഖലകളെയും സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.




