പാലക്കാട് : പുതുക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷനെത്തിയ കുട്ടികൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി. സംഭവത്തിൽ ഏഴ് രക്ഷിതാക്കൾ പരാതി നൽകിയതോടെ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

നവംബർ 11 ബുധനാഴ്ച വാക്സിനേഷനായി എത്തിയ കുട്ടികൾക്കാണ് ഒക്ടോബർ മാസത്തിൽ കാലാവധി അവസാനിച്ച മരുന്ന് നൽകിയതെന്നാണ് ആരോപണം. മരുന്നിന്റെ കാലാവധി ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ മറ്റ് രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മരുന്ന് കാലാവധി കഴിഞ്ഞതാണെന്ന വിവരം അറിഞ്ഞതോടെ രക്ഷിതാക്കൾ ആശങ്കയിലായി. തുടർന്ന് ഏഴ് രക്ഷിതാക്കൾ സംഭവത്തിൽ പരാതി നൽകിയതായാണ് വിവരം. കുട്ടികൾക്ക് നൽകുന്ന മരുന്നുകളുടെ ഗുണനിലവാരവും കാലാവധിയും ഉറപ്പാക്കേണ്ട ആരോഗ്യകേന്ദ്രത്തിൽനിന്നുതന്നെ ഇത്തരമൊരു വീഴ്ച ഉണ്ടായെന്ന ആരോപണം വലിയ
പരാതികൾ ഉയർന്നതിനെ തുടർന്ന് ആരോഗ്യകേന്ദ്രത്തിൽനിന്ന് മരുന്നുകൾ മാറ്റി നൽകിയതായാണ് റിപ്പോർട്ടുകൾ. വിതരണം ചെയ്ത കാലാവധി കഴിഞ്ഞ മരുന്നുകൾ തിരിച്ചെടുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ എത്ര കുട്ടികൾക്ക് ഇത്തരത്തിൽ മരുന്ന് വിതരണം ചെയ്തുവെന്നും എത്ര മരുന്നുകൾ രക്ഷിതാക്കൾക്ക് കൈമാറിയെന്നുമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് തുടക്കമിട്ടു. മരുന്ന് സ്റ്റോക്ക്, വിതരണം, കാലാവധി പരിശോധന തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടതുണ്ട്. ആരോഗ്യകേന്ദ്രത്തിലെ മരുന്ന് വിതരണത്തിലെ വീഴ്ച ഗൗരവമായി പരിശോധിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.



