ചെറിയ മഴ പെയ്താലും ഗതാഗതം തടസ്സപ്പെടുന്നു;

Zaid Ebrahim Anwari
1 Min Read

ഇരുമ്പമുട്ടി ക്രോസ്സ്‌വേയിൽ മരത്തടികൾ കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു

പാലക്കാട് : പാളയക്കയം–തരുപ്പപ്പാറ റോഡിലെ ഇരുമ്പമുട്ടി ക്രോസ്സ്‌വേയിൽ മരത്തടികളും കാട്ടുചെടികളും അടിഞ്ഞുകൂടിയതോടെ പ്രദേശവാസികളും യാത്രക്കാരും ദുരിതത്തിൽ. ചെറിയ മഴ പെയ്താൽ പോലും കോസ്‌വേ വെള്ളത്തിനടിയിലാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

Ref.No:ZE-515-024-50

തച്ചമ്പാറ, കരിമ്പ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമാണ് ഈ കോസ്‌വേ. ശക്തമായ മഴയിൽ ഒഴുകിയെത്തിയ വലിയ മരത്തടികളും മറ്റ് അവശിഷ്ടങ്ങളും പാലത്തിനടിയിൽ അടിഞ്ഞുകൂടിയതാണ് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സമായത്.

ഇതോടെ മഴ പെയ്യുമ്പോൾ വെള്ളം കോസ്‌വേയ്ക്ക് മുകളിലൂടെ ഒഴുകുകയും വാഹന-കാൽനട ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്യുന്നു. നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ വിദ്യാർഥികൾക്കും ജോലിക്കാർക്കും ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

വിദ്യാർഥികൾക്ക് സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃത്യസമയത്ത് എത്താൻ കഴിയാത്ത സാഹചര്യമുണ്ട്. ജോലിക്കാർ, കർഷകർ, വ്യാപാരികൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഗതാഗത തടസ്സം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

പാലത്തിനടിയിലെ തടസ്സങ്ങൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതി. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് പുഴയുടെ തീരങ്ങളിൽ മണ്ണിടിച്ചിലും സ്വകാര്യ ഭൂമി നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അടിയന്തരമായി തടസ്സങ്ങൾ നീക്കി യാത്രാസൗകര്യം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×