ഹോർമുസിൽ ഒമാൻ ഇടനാഴി ഉപയോഗിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചു

ഹോർമുസ്

Anaidha S Karyat
1 Min Read

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ ഒമാനി ഇടനാഴി ഉപയോഗിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചു. ഒമാൻ തീരത്തുകൂടിയുള്ള താൽക്കാലിക സമുദ്ര ഇടനാഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ ടാങ്കറിനെയാണ് തിരിച്ചയച്ചത്. ഇറാൻ വാർത്താ ഏജൻസിയായ ഫാർസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇറാൻ നിർദ്ദേശിച്ച ഷിപ്പിംഗ് പാത തന്നെ ഉപയോഗിക്കാൻ കപ്പലിന് നിർദ്ദേശം നൽകുകയായിരുന്നുവെന്നാണ് വാദം. ഒമാനി ഇടനാഴി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന കപ്പലുകൾക്ക് റേഡിയോ വഴി ഇറാൻ മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇന്ത്യൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

മേഖലയിലെ സംഘർഷം മൂലം ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ഒഴിപ്പിക്കുന്നതിനായി ജൂൺ 24-നാണ് ഒമാനും ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനും (IMO) ചേർന്ന് ഈ താൽക്കാലിക ഇടനാഴി പ്രഖ്യാപിച്ചത്. അമേരിക്കയുടെ മേൽനോട്ടത്തിൽ ഈ പാത പ്രവർത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം വീണ്ടും ഉടലെടുത്ത സാഹചര്യത്തിൽ ബുധനാഴ്ച രാവിലെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ എല്ലാ കപ്പലുകളും ഒമാനി ഇടനാഴിക്ക് പകരം ഇറാൻ നിശ്ചയിച്ച പാതയാണ് ഉപയോഗിച്ചതെന്ന് കപ്പൽ ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു.

 ഖത്തറിന്റെയും സൗദി അറേബ്യയുടെയും അടക്കം മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങൾ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇറാനിൽ യുഎസ് ശക്തമായ ആക്രമണമാണ് നടത്തിയത്. കൂടാതെ, അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിൽക്കാൻ ഇറാന് നൽകിയിരുന്ന അനുമതി അമേരിക്ക റദ്ദാക്കുകയും ചെയ്തു. ഇറാനുമായുള്ള എല്ലാ ധാരണകളും റദ്ദാക്കിയതായും വെടിനിർത്തൽ അവസാനിപ്പിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

 

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×