ഇൻഡൊനീഷ്യൻ ഡീൽ; റഫാലിൽ കൂടി ലോകം കീഴടക്കാൻ ഇന്ത്യൻ മിസൈലുകൾ, ചൈനയുടെ ആകുലതകൾ

Defence

Anaidha S Karyat
2 Min Read

ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച അസ്ത്ര എംകെ-1 (ASTRA MK-1) മിസൈൽ സ്വന്തമാക്കുന്ന ആദ്യ വിദേശ രാജ്യമായി മാറുകയാണ് ഇൻഡൊനീഷ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻഡൊനീഷ്യൻ സന്ദർശനവേളയിലാണ് ഈ ചരിത്രപ്രധാനമായ കരാർ ഒപ്പിട്ടത്. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയിലെ ഒരു വലിയ കുതിച്ചുചാട്ടമായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്. ഡിആർഡിഒ വികസിപ്പിക്കുകയും ഭാരത് ഡയനാമിക്‌സ് ലിമിറ്റഡ് (BDL) നിർമ്മിക്കുകയും ചെയ്ത ഈ മിസൈൽ, കാഴ്ചപരിധിക്ക് അപ്പുറമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള (Beyond-Visual-Range) വായുവിൽ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന ഇന്ത്യയുടെ ആദ്യ മിസൈലാണ്. ബിഡിഎല്ലും ഇൻഡൊനീഷ്യയുടെ റിപ്പബ്ലിക്കോർപ്പും (Republikorp) തമ്മിലാണ് കരാർ ഒപ്പിട്ടത്.

ഇൻഡൊനീഷ്യയുടെ പക്കലുള്ള റഷ്യൻ നിർമ്മിത സുഖോയ് എസ്.യു-30, എസ്.യു-27 യുദ്ധവിമാനങ്ങളിലാണ് ഈ മിസൈലുകൾ ഘടിപ്പിക്കുന്നത്. നിലവിൽ ഇന്ത്യയുടെ പക്കലുള്ള സമാനമായ സുഖോയ് എസ്.യു-302 എംകെഐ വിമാനങ്ങളിൽ അസ്ത്ര മിസൈൽ ഘടിപ്പിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഈ രീതി ഇൻഡൊനീഷ്യയിലും അനുവർത്തിക്കും. അസ്ത്ര മിസൈലിന്റെ ഈ വിജയം വിയറ്റ്നാം, മലേഷ്യ തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്കും ഇന്ത്യയുടെ പ്രതിരോധ വിപണി വ്യാപിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതിരോധ വിദഗ്ധർ കരുതുന്നു. ബ്രഹ്‌മോസ് മിസൈലിന് ലഭിച്ച സ്വീകാര്യത അസ്ത്ര മിസൈലിനും ലഭിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ വഴിതുറന്നിരിക്കുന്നത്. 80 മുതൽ 110 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈലിന് അനുകൂല സാഹചര്യങ്ങളിൽ 160 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കാനാകും.

ശബ്ദത്തേക്കാൾ 4.5 ഇരട്ടി വേഗതയിലാണ് (Mach 4.5) ഇത് സഞ്ചരിക്കുന്നത്. ഇന്ത്യയുമായുള്ള ഇൻഡൊനീഷ്യയുടെ ബ്രഹ്‌മോസ്, അസ്ത്ര ഡീലിൽ ചൈന ഇതിനകം ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു. ഏകദേശം 630 മില്യൺ ഡോളർ (ഏകദേശം 8,000 മുതൽ 10,000 കോടി ഇന്ത്യൻ രൂപ വരെ) മതിക്കുന്ന വിപുലമായ പ്രതിരോധ പാക്കേജിന്റെ ഭാഗമായാണ് ഈ മിസൈൽ ഇടപാടുകൾ. അസ്ത്ര മിസൈൽ ഇൻഡൊനീഷ്യയിൽ തന്നെ നിർമിക്കാനുള്ള സംവിധാനങ്ങളും സാങ്കേതിക പിന്തുണയുമൊക്കെ ഉൾപ്പെടുന്നതാണ് ഇടപാടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇത് ഇൻഡൊനീഷ്യയിൽ മാത്രം ഒതുങ്ങുന്ന സാധ്യതയല്ല. ഇന്ന് ലോകത്ത് ഫ്രഞ്ച് യുദ്ധവിമാനമായ റഫാൽ ഉപയോഗിക്കുന്നനിരവധി രാജ്യങ്ങളുണ്ട്. ഈജിപ്ത്, ഖത്തർ, ഗ്രീസ് എന്നീ രാജ്യങ്ങളിലും റഫാൽ യുദ്ധവിമാനങ്ങളുണ്ട്. യുദ്ധസാഹചര്യങ്ങളിൽ മികവ് പ്രകടിപ്പിച്ച ഇന്ത്യൻ മിസൈലുകൾക്ക് ഈ രാജ്യങ്ങളിലേക്കും വിപണി റഫാലിലൂടെ തുറന്നുകിട്ടാനുള്ള സാധ്യതയും നിലനിൽക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി പന്ത്രണ്ട് മടങ്ങ് വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×