ഇന്ത്യ–ഓസ്ട്രേലിയ യൂറേനിയം കയറ്റുമതി കരാർ; പ്രതിരോധ-സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണ

Leena Joseph
1 Min Read

ന്യൂഡൽഹി: ഇന്ത്യയും ഓസ്ട്രേലിയയും സമാധാനപരമായ ആവശ്യങ്ങൾക്കായി യൂറേനിയം കയറ്റുമതി സുഗമമാക്കുന്ന ഭരണപരമായ കരാറിൽ ഒപ്പുവച്ചു. ഇതോടൊപ്പം പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും ധാരണയിലെത്തി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെൽബൺ സന്ദർശനത്തിനിടെയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി നേതൃസമ്മേളനം നടന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇരു രാജ്യങ്ങളും 2015-ലെ ഓസ്ട്രേലിയ–ഇന്ത്യ ആണവ സഹകരണ കരാറിന്റെ ഭാഗമായി സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള യൂറേനിയം കയറ്റുമതി നടപ്പാക്കുന്നതിനുള്ള ഭരണപരമായ ക്രമീകരണത്തിൽ ഒപ്പുവെച്ചതായി അറിയിച്ചത്.

ഈ ക്രമീകരണം ഇന്ത്യയിൽ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കാത്ത വൈദ്യുതി ഉൽപാദന ശേഷി വർധിപ്പിക്കുന്നതിന് സഹായകരമാകുമെന്നും ഓസ്ട്രേലിയൻ വിഭവമേഖലയ്ക്ക് പുതിയ വിപണി അവസരങ്ങൾ സൃഷ്ടിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

“ഇന്ത്യയ്ക്ക് വിശ്വസനീയവും സ്ഥിരതയാർന്നതുമായ യൂറേനിയം വിതരണക്കാരാകാൻ ഓസ്ട്രേലിയ ആഗ്രഹിക്കുന്നു,” എന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു.

മാറിവരുന്ന ആഗോള തന്ത്രപ്രധാന സാഹചര്യത്തിൽ പ്രതിരോധവും സുരക്ഷാ സഹകരണവും ഇന്ത്യ–ഓസ്ട്രേലിയ ബന്ധത്തിന്റെ പ്രധാന അധിഷ്ഠാനമാണെന്ന് ഇരു നേതാക്കളും ആവർത്തിച്ചു.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×