2027 ലെ നീറ്റ്-യുജി പരീക്ഷ 5-6 ദിവസങ്ങളിലായി 1,000 കേന്ദ്രങ്ങളിൽ

Sreelekha
1 Min Read

ന്യൂഡൽഹി: മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ്-യുജി (NEET-UG) അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറ്റാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. 500 നഗരങ്ങളിലായി ഏകദേശം 1,000 കേന്ദ്രങ്ങളിൽ 5 മുതൽ 6 ദിവസങ്ങളിലായാണ് പരീക്ഷ നടക്കുക. കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളായിരിക്കും പ്രധാന പരീക്ഷാ കേന്ദ്രങ്ങൾ. ഓരോ ദിവസവും ഏകദേശം 5 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.

എൻട്രൻസ് പരീക്ഷാ സംവിധാനം ശക്തമാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും (NTA) എടുത്ത തീരുമാനങ്ങൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

കൂടാതെ, നീറ്റ് പരീക്ഷ നടത്തുന്ന സ്വയംഭരണ സ്ഥാപനമായ എൻ.ടി.എയിൽ (NTA) വൻ അഴിച്ചുപണി നടത്താനും സർക്കാർ ഒരുങ്ങുകയാണ്. ഏജൻസിയുടെ ഘടന, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, പരീക്ഷാ നടപടിക്രമങ്ങൾ എന്നിവയിലെല്ലാം സമഗ്രമായ മാറ്റങ്ങൾ (Revamp) കൊണ്ടുവരും.

ഈ വർഷം മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വൻ പ്രതിഷേധങ്ങളും സി.ബി.ഐ അന്വേഷണവും നടന്നിരുന്നു. തുടർന്നാണ് 22 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് പരീക്ഷാ രീതികളിൽ പൂർണ്ണമായ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×