ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് നേരെ ആക്രമണം; ഇറാന് മേൽ വ്യോമാക്രമണം നടത്തി യു.എസ്

Sreelekha
1 Min Read

വാഷിംഗ്ടൺ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണടാങ്കറുകൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തി അമേരിക്ക. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) 60-ലധികം ചെറുകപ്പലുകൾ ഉൾപ്പെടെ എൺപതിലധികം കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് (Centcom) ചൊവ്വാഴ്ച അറിയിച്ചു.

ചെറുകപ്പലുകൾക്ക് പുറമെ ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും തകർത്തതായാണ് വിവരം. എന്നാൽ ആക്രമണം നടന്ന കൃത്യമായ സ്ഥലങ്ങൾ വെളിപ്പെടുത്താൻ സെൻട്രൽ കമാൻഡ് തയ്യാറായിട്ടില്ല. അന്താരാഷ്ട്ര കപ്പൽപ്പാതയിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്കും അതിലെ ജീവനക്കാർക്കും നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് കനത്ത വില നൽകേണ്ടിവരുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ മാസം ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ ലംഘനമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടായതെന്നും യു.എസ് വ്യക്തമാക്കി.

അതേസമയം, യു.എസ് ആക്രമണങ്ങൾ കഴിഞ്ഞ മാസം ഒപ്പുവെച്ച യു.എസ്-ഇറാൻ കരാറിന്റെ ലംഘനമാണെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ടെഹ്റാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ ക്യൂഷം ദ്വീപ് (Qeshm island), ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായതെന്നും സ്ഫോടനത്തെത്തുടർന്നുണ്ടായ ചില്ലിന്റെയും ലോഹങ്ങളുടെയും അവശിഷ്ടങ്ങൾ (Shrapnel) തെറിച്ചുവീണ് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

എണ്ണ ഉപരോധം പുനഃസ്ഥാപിച്ചു.

വ്യോമാക്രമണത്തിന് തൊട്ടുമുമ്പായി, ഇറാന് മേൽ താൽക്കാലികമായി നീക്കിയിരുന്ന എണ്ണ ഉപരോധം യു.എസ് ട്രഷറി വകുപ്പ് പുനഃസ്ഥാപിച്ചു. കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായി ഇറാന് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വിൽക്കാൻ അനുമതി നൽകുന്ന ലൈസൻസ് അമേരിക്ക റദ്ദാക്കുകയായിരുന്നു. യു.എസ് സർക്കാരിന്റെ വിശ്വാസവഞ്ചനയും അസ്ഥിരതയുമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയ്ക്കും താല്പര്യങ്ങൾക്കും ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ മടിക്കില്ലെന്നും ഇറാൻ കൂട്ടിച്ചേർത്തു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×