ഫുട്ബോള്‍ വിജയത്തിന്റെ ആവേശം കണ്ണീരണിയിച്ച നിമിഷം. നിരവധി ആരാധകര്‍ക്ക് ഗുരുതര പരിക്ക്, മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് ആശങ്ക.
മെക്സിക്കോ സിറ്റി:ഫിഫ ലോകകപ്പിലെ തകർപ്പൻ വിജയത്തിന് പിന്നാലെ മെക്സിക്കോയില്‍ നടന്ന ആഹ്ലാദപ്രകടനം വൻ ദുരന്തത്തില്‍ കലാശിച്ചു.മെക്സിക്കോയുടെ വിജയ ആഘോഷങ്ങള്‍ക്കിടയില്‍ ഉണ്ടായ ശക്തമായ തിക്കിലും തിരക്കിലും (Stampede) പെട്ട് നാല് ഫുട്ബോള്‍ ആരാധകർക്ക് ജീവൻ നഷ്ടമായി.
മത്സരശേഷം തെരുവുകളിലേക്ക് ഇരച്ചെത്തിയ പതിനായിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതെ വന്നതാണ് വലിയ അപകടത്തിന് കാരണമായത്.
മത്സരത്തിലെ തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ വിജയത്തിന് പിന്നാലെ മെക്സിക്കൻ തെരുവുകളില്‍ ജനങ്ങള്‍ കൂട്ടത്തോടെ തടിച്ചുകൂടുകയും പരസ്പരം ആലിംഗനം ചെയ്തും മുദ്രാവാക്യങ്ങള്‍ വിളിച്ചും ആഘോഷം പങ്കുവെക്കുകയുമായിരുന്നു.എന്നാല്‍ ഇതിനിടയില്‍ ഉണ്ടായ അപ്രതീക്ഷിത തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ നിലത്തുവീഴുകയും ആളുകള്‍ ഇവർക്ക് മുകളിലൂടെ ചവിട്ടി മുന്നേറുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
അപകടത്തില്‍ പരിക്കേറ്റ നിരവധി ആരാധകരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിഭാഗം നല്കുന്ന സൂചന.സ്ഥലത്ത് തടിച്ചുകൂടിയ നിയന്ത്രണം വിട്ട ജനക്കൂട്ടത്തെ ശാന്തരാക്കാനും ക്രമസമാധാനം വീണ്ടെടുക്കാനും പോലീസും സുരക്ഷാ സേനയും കഠിനശ്രമമാണ് നടത്തുന്നത്. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കൊടുമുടിയിലെത്തി നില്ക്കുന്നതിനിടയില് ഉണ്ടായ ഈ ദാരുണ സംഭവം മെക്സിക്കോയെയും ആഗോള ഫുട്ബോള്‍ ലോകത്തെയും ഒന്നടങ്കം വൻ ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്.
വരും ദിവസങ്ങളില്‍ നടക്കുന്ന മത്സരങ്ങളുടെ വിജയാഘോഷങ്ങളില്‍ കർശന നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.



