ടോക്കിയോ: ഹിഗോസ് ചുഴലിക്കാറ്റ് ഉഷ്ണമേഖലാ ന്യൂനമർദമായി ദുർബലമായതിന് പിന്നാലെ മെഖാല ചുഴലിക്കാറ്റ് ജപ്പാന്റെ കിഴക്കൻ തീരത്തേക്ക് നീങ്ങുന്നതോടെ രാജ്യം ജാഗ്രതയിൽ തുടരുന്നു. കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയുടെ ഭീഷണി നിലനിൽക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ (JMA) അറിയിപ്പുപ്രകാരം, ഹിഗോസ് ടോക്കിയോയ്ക്ക് സമീപ പ്രദേശങ്ങളിലൂടെ കടന്നുപോയ ശേഷം ശക്തി കുറഞ്ഞു. അതേസമയം, കൂടുതൽ ശക്തിയുള്ള മെഖാല ചുഴലിക്കാറ്റ് പസഫിക് തീരത്തുകൂടി വടക്കുകിഴക്കൻ ദിശയിലേക്ക് സഞ്ചരിക്കുകയാണെന്നും ശനിയാഴ്ച വൈകാതെ കരതൊടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ച പുലർച്ചെയോടെ ടോകായ് മേഖലയിൽ 250 മില്ലീമീറ്റർ വരെയും ടോക്കിയോ ഉൾപ്പെടുന്ന കാന്റോ-കോഷിൻ മേഖലയിൽ 200 മില്ലീമീറ്റർ വരെയും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം.
രണ്ട് ചുഴലിക്കാറ്റുകളും സീസണൽ മഴയും ചേർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി ജപ്പാനിൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
യമഗുചി പ്രവിശ്യയിൽ വെള്ളിയാഴ്ച ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു വീട് തകർന്നതിനെ തുടർന്ന് ഒരാളെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പശ്ചിമ ജപ്പാനിലെ 13 പ്രവിശ്യകളിലായി 20 ലക്ഷത്തിലധികം ആളുകളോട് വെള്ളിയാഴ്ച സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി.
ക്യോട്ടോ പ്രവിശ്യയിലെ സെൈകയിലെ ചില പ്രദേശങ്ങളിൽ മറ്റൊരു മണ്ണിടിച്ചിലിനെ തുടർന്ന് ജപ്പാനിലെ ഏറ്റവും ഉയർന്ന മുന്നറിയിപ്പായ ലെവൽ-5 എമർജൻസി സേഫ്റ്റി അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച മുതൽ നാഗസാക്കി പ്രവിശ്യയിലെ ഗോട്ടോയിൽ 600 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തിയപ്പോൾ, കുമമോട്ടോ, സാഗ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ 500 മില്ലീമീറ്ററിലധികം മഴ ലഭിച്ചു.
വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജാപ്പനീസ് അധികൃതർ വീണ്ടും അഭ്യർഥിച്ചു.



