അബുദാബി: ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ദ്രവീകൃത പ്രകൃതി വാതക (LNG) പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിനൊപ്പമാണെന്നും ആവശ്യമായ എല്ലാ പിന്തുണയും യുഎഇ നൽകുമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് വ്യക്തമാക്കി.
13 പേർ മരിക്കുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്ത റാസ് ലഫാൻ ദുരന്തം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വാതക വ്യവസായ അപകടങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. മരിച്ചവരിൽ 12 ഇന്ത്യക്കാരും ഒരു പാകിസ്താൻ സ്വദേശിയും ഉൾപ്പെടുന്നുവെന്ന് ഖത്തർ എനർജി സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തർ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, കെനിയ, ഘാന, ടാൻസാനിയ, നൈജീരിയ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് പരിക്കേറ്റിട്ടുണ്ട്.
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഖത്തർ അമീറിന് അനുശോചന സന്ദേശങ്ങൾ അയച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗങ്ങളും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും സമാന സന്ദേശങ്ങൾ കൈമാറി.
സംഭവത്തെ തുടർന്ന് ഖത്തർ സർക്കാരിനും ജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎഇ വിദേശകാര്യ മന്ത്രാലയം, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.




