തൃശ്ശൂർ: ഡിജിറ്റൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ (DPCI) തൃശ്ശൂർ ജില്ലാ പ്രസിഡന്റായി സാമൂഹിക, സാംസ്കാരിക, നിർമാണ മേഖലകളിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള ശ്രീ. ഇരവിമംഗലം വേണുഗോപാലനെ നിയമിച്ചു. അദ്ദേഹത്തിന്റെ നിയമനം തൃശ്ശൂർ ജില്ലയിലെ ഡി.പി.സി.ഐയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ശക്തിയും നൽകുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.
1961-ൽ തൃശ്ശൂർ ജില്ലയിലെ ഇരവിമംഗലത്ത് ജനിച്ച ശ്രീ. വേണുഗോപാലൻ 1977-ൽ എസ്.എസ്.എൽ.സി വിജയിച്ച ശേഷം സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ പൂർത്തിയാക്കി. 1981-ൽ ചെന്ത്രാപ്പിന്നിയിൽ 11 പങ്കാളികളോടൊപ്പം കോസ്റ്റൽ ഇന്ത്യ എന്ന കൺസ്ട്രക്ഷൻ സ്ഥാപനം ആരംഭിച്ച അദ്ദേഹം, പിന്നീട് 1991-ൽ തൃശ്ശൂരിൽ ബ്രൈറ്റ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനം ആരംഭിച്ച് നിർമാണരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.
2006-ൽ വിദേശത്തേക്ക് പോയ അദ്ദേഹം ഒമാൻ സുൽത്താനേറ്റിലെ Gulf AR കമ്പനിയിൽ സൈറ്റ് എൻജിനീയറായി സേവനമനുഷ്ഠിക്കുകയും, 2025 ഡിസംബർ വരെ അവിടെ പ്രവർത്തിക്കുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങിയശേഷം 2024 നവംബറിൽ തൃശ്ശൂരിൽ Suttle Solar എന്ന സോളാർ ഡിസ്ട്രിബ്യൂഷൻ സ്ഥാപനം ആരംഭിച്ച് നവീന ഊർജ്ജ മേഖലയിലും സജീവ സാന്നിധ്യമായി.
വ്യവസായ-തൊഴിൽ രംഗത്തെ നേട്ടങ്ങൾക്കൊപ്പം സാമൂഹിക-സാംസ്കാരിക രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ശ്രീ. വേണുഗോപാലൻ നടത്തിവരുന്നത്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വം മ്യൂസിക് സംഘടനയുടെ സെക്രട്ടറിയായും, സ്വന്തം കുടുംബക്ഷേത്രത്തിന്റെ സെക്രട്ടറിയായും അദ്ദേഹം നിലവിൽ സേവനമനുഷ്ഠിക്കുന്നു.
ഡി.പി.സി.ഐയുടെ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റും തന്റെ അടുത്ത സുഹൃത്തുമായ ശ്രീ. സാബു കുമാർ മുഖേനയാണ് ഡി.പി.സി.ഐയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ശ്രീ. വേണുഗോപാലൻ അടുത്തറിയുന്നത്. സമൂഹത്തിന് നന്മ ചെയ്യുക എന്ന തന്റെ ജീവിതലക്ഷ്യവുമായി ഡി.പി.സി.ഐയുടെ ദൗത്യം പൂർണ്ണമായും യോജിക്കുന്നതാണെന്ന് മനസ്സിലാക്കിയതോടെയാണ് സംഘടനയുടെ ഭാഗമായി പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചത്. സമൂഹനന്മയ്ക്കും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനത്തിനും വേണ്ടി തന്റെ മുഴുവൻ പിന്തുണയും ഡി.പി.സി.ഐയ്ക്ക് നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ശ്രീ. വേണുഗോപാലന്റെ കുടുംബത്തിൽ ഭാര്യ ശ്രീമതി നിർമ്മലാദേവി പട്ടിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ച ശേഷം 2024-ൽ വിരമിച്ചു. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. മൂത്ത മകൾ ആയുർവേദ ഡോക്ടറായും, ഇളയ മകൾ ഖത്തറിൽ അധ്യാപികയായും സേവനമനുഷ്ഠിക്കുന്നു. മരുമകൻ എൻജിനീയറാണ്.



