അറബിക്കടലിൽ മിസൈൽ പരീക്ഷിച്ച് പാകിസ്താന്റെ പുതിയ ചൈനീസ് അന്തർവാഹിനി:

Anaidha S Karyat
1 Min Read

ചൈനയിൽ നിർമിച്ച പാകിസ്താന്റെ പുതിയ ഹാംഗോർ ക്ലാസ് അന്തർവാഹിനിയായ PNS/M Hangor വടക്കൻ അറബിക്കടലിൽ കപ്പൽവേധ ക്രൂസ് മിസൈൽ പരീക്ഷിച്ചു. പാകിസ്താന്റെ അന്തർവാഹിനി ശേഷി വർധിപ്പിക്കുന്നതിലെ പ്രധാന നാഴികക്കല്ലായാണ് ആദ്യ തത്സമയ ആയുധ പരീക്ഷണത്തെ വിലയിരുത്തുന്നത്.

പാകിസ്താൻ നാവികസേനയുടെ കണക്കനുസരിച്ച്, ഹാംഗോർ അന്തർവാഹിനി വടക്കൻ അറബിക്കടലിൽ നടത്തിയ പരീക്ഷണത്തിൽ കപ്പൽവേധ ക്രൂസ് മിസൈൽ വിക്ഷേപിക്കുകയും ദീർഘദൂര ലക്ഷ്യത്തെ വിജയകരമായി പ്രഹരിക്കുകയും ചെയ്തു. പാകിസ്താൻ നാവികസേനാ മേധാവി അഡ്മിറൽ നവീദ് അഷ്റഫ് പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു. ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) ആണ് ഇക്കാര്യം അറിയിച്ചത്.

Ref.No:AS-994-019-50

ഏപ്രിൽ 30ന് ചൈനയിലെ സാന്യയിൽ കമ്മിഷൻ ചെയ്ത ഹാംഗോർ ജൂണിലാണ് കറാച്ചിയിലെത്തിയത്. ചൈനയിൽനിന്ന് പാകിസ്താൻ സ്വന്തമാക്കുന്ന എട്ട് ഹാംഗോർ ക്ലാസ് അന്തർവാഹിനികളിൽ ആദ്യത്തേതാണ് PNS/M Hangor. രാജ്യത്തിന്റെ വെള്ളത്തിനടിയിലുള്ള യുദ്ധശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എട്ട് അന്തർവാഹിനികൾ സ്വന്തമാക്കുന്നത്.

എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) സംവിധാനമുള്ള അന്തർവാഹിനികളുടെ എണ്ണം വർധിപ്പിക്കുന്നതും പാകിസ്താന്റെ നാവികശേഷി വികസനത്തിലെ പ്രധാന ഘടകമാണ്. ദീർഘനേരം വെള്ളത്തിനടിയിൽ തുടരാൻ എ.ഐ.പി സംവിധാനത്തിന് അന്തർവാഹിനികളെ സഹായിക്കാനാകും.

ഇന്ത്യൻ നാവികസേനയുടെ കപ്പലും പാകിസ്താൻ നാവികസേനയുടെ PNS Hunain എന്ന കപ്പലും സെപ്റ്റംബർ 15ന് വടക്കൻ അറബിക്കടലിൽ കൂട്ടിയിടിച്ചതിന് പിന്നാലെയാണ് പുതിയ മിസൈൽ പരീക്ഷണം നടന്നത്. സംഭവത്തെക്കുറിച്ച് ഇന്ത്യയും പാകിസ്താനും വ്യത്യസ്ത വിശദീകരണങ്ങളാണ് നൽകിയത്. പാകിസ്താൻ നാവിക യൂണിറ്റിന്റെ പെരുമാറ്റം അംഗീകരിക്കാനാകാത്തതും പ്രൊഫഷണൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണെന്ന് ഇന്ത്യ പ്രതികരിച്ചപ്പോൾ, ഇന്ത്യൻ കപ്പൽ ആക്രമണാത്മകമായ നീക്കങ്ങൾ നടത്തിയെന്നാണ് ഇസ്ലാമാബാദ് ആരോപിച്ചത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×