ഇറാനുമായി ധാരണയിലെത്തിയെന്ന് ട്രംപ്, ഇസ്രായേലും സമ്മതിച്ചെന്ന് അവകാശവാദം….
വാഷിംഗ്ടൺ :യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനുമായുള്ള കരാർ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിൽ അമേരിക്കയോടൊപ്പം ചേരാൻ ഇസ്രായേൽ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. ഇറാനുമായി സമാധാന കരാറിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് നേരെ പുതിയ ആക്രമണങ്ങൾ നടത്തുന്നത് താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സന്ദേശത്തിൽ ട്രംപ് അറിയിച്ചു.
ഹോർമുസ് കടലിടുക്ക് ഉടനടി പൂർണ്ണമായും തുറക്കുന്നതും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുന്നതും പുതിയ കരാറിൽ ഉൾപ്പെടുമെന്ന് ട്രംപ് പറഞ്ഞു. ഒരു കരാറിന്റെ അടിസ്ഥാന രൂപരേഖയിൽ ധാരണയായതിനാൽ ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും ആവശ്യപ്പെട്ടെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇറാന്റെ നിലനിൽപ്പ് എത്രയും വേഗം കരാറിലെത്തുന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനുമായുള്ള കരാർ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിൽ അമേരിക്കയോടൊപ്പം ചേരാൻ ഇസ്രായേൽ സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു. എന്നാൽ, ഈ വിഷയത്തിൽ ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.
ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറാന് നേരെ അമേരിക്കയും നടത്തിയ ശക്തമായ ആക്രമണ-പ്രത്യാക്രമണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന പുറത്തുവരുന്നത്. അതേസമയം, പശ്ചിമേഷ്യൻ രാജ്യങ്ങൾ അമേരിക്കയുമായുള്ള പങ്കാളിത്തം പുനഃപരിശോധിക്കണമെന്ന് ഖാതം അൽ-അൻബിയ ബ്രിഗേഡിന്റെ മുതിർന്ന ഇറാനിയൻ സൈനിക കമാൻഡർ അഭിപ്രായപ്പെട്ടു.
ശനിയാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപുമായി ഫോണിലൂടെ സംസാരിച്ചിരുന്നു. ഇറാൻ – അമേരിക്ക സംഘർഷം വഷളാകുന്നതുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിൻ സൽമാൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയാൽ സൗദിയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിച്ചുകൊണ്ട് ഇറാൻ തിരിച്ചടിച്ചേക്കാമെന്ന് സൗദി അറേബ്യ ഭയപ്പെട്ടിരുന്നതായി ‘ആക്‌സിയോസ്’ റിപ്പോർട്ട് വ്യക്തമാക്കുന്നു.



