ഭൂമിയുടെ ഭ്രമണപഥത്തിൽ ദുരൂഹ വസ്തു വിന്യസിച്ച് ചൈന; ആഗോള നിരീക്ഷണം ശക്തമാകുന്നു

Leena Joseph
1 Min Read

ബീജിംഗ്: ചൈനയുടെ പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമായ ‘ഷെൻലോങ്’ (Shenlong) ഭൂമിയുടെ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നതിനിടെ തിരിച്ചറിയാത്ത ഒരു ദുരൂഹ വസ്തു പുറത്തുവിട്ടതായി റിപ്പോർട്ടുകൾ. ഈ സംഭവത്തെ തുടർന്ന് ലോക രാജ്യങ്ങളും ബഹിരാകാശ നിരീക്ഷണ ഏജൻസികളും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ചൈനയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനം ഈ വർഷം ഫെബ്രുവരിയിൽ ഷെൻലോങ് ബഹിരാകാശ പേടകം വിക്ഷേപിച്ചിരുന്നു. ഭ്രമണപഥത്തിൽ വിവിധ പരീക്ഷണങ്ങൾ നടത്തി പിന്നീട് ഭൂമിയിലേക്ക് മടങ്ങിയെത്തി സുരക്ഷിതമായി ഇറങ്ങാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ഈ പേടകത്തിനുള്ളത്.

വാണിജ്യ ബഹിരാകാശ നിരീക്ഷണ സ്ഥാപനമായ ലിയോലാബ്സ് (LeoLabs) പുറത്തുവിട്ട വിവരമനുസരിച്ച്, ഷെൻലോങ് പേടകത്തിൽ നിന്ന് പുറത്തുവിട്ടതായി കരുതുന്ന ദുരൂഹ വസ്തു ജൂൺ 22-നാണ് ഭൂമിയുടെ ഭ്രമണപഥത്തിൽ കണ്ടെത്തിയത്. അമേരിക്കൻ ഗവേഷണ സ്ഥാപനങ്ങളും ഈ വസ്തുവിന്റെ സഞ്ചാരം നിരീക്ഷിച്ചുവരുന്നതായാണ് റിപ്പോർട്ട്.

ബഹിരാകാശത്ത് ഇത്തരത്തിൽ തിരിച്ചറിയാത്ത വസ്തുക്കൾ വിന്യസിക്കുന്നത് ചൈനയുടെ ആദ്യ സംഭവമല്ല. 2024-ലും ചൈനയുടെ ഒരു ഉപഗ്രഹത്തിൽ നിന്ന് സമാനമായ രീതിയിൽ ഒരു ചെറിയ വസ്തു ഭ്രമണപഥത്തിലേക്ക് വിടപ്പെട്ടിരുന്നു.

ഈ സംഭവത്തെക്കുറിച്ച് ബഹിരാകാശ വിദഗ്ധർ പറയുന്നതനുസരിച്ച്, മറ്റൊരു ഉപഗ്രഹത്തിനടുത്തേക്ക് ചെറിയ പരീക്ഷണ ഉപകരണം വിന്യസിച്ച് സാങ്കേതിക പരിശോധനകളും ഗവേഷണങ്ങളും നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഇത്. സമാനമായ പരീക്ഷണങ്ങൾ മുമ്പ് റഷ്യയും നടത്തിയിട്ടുണ്ട്.

അതേസമയം, ഇത് ശാസ്ത്രീയ ഗവേഷണത്തിനായുള്ള പരീക്ഷണമാത്രമാണോ, അതോ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനോ ഭാവിയിൽ ഉപഗ്രഹവിരുദ്ധ (Anti-Satellite) സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനോ ഉള്ള നീക്കമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി വിവിധ രാജ്യങ്ങൾ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×