മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്. മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായെത്തിയ 1994ലെ ചിത്രം 32 വർഷങ്ങൾക്ക് ശേഷമാണ് പുതുമയാർന്ന സാങ്കേതിക മികവോടെ തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്നത്.
2026 ഒക്ടോബർ 1ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റീ റിലീസ് ചെയ്യും. 4K റീമാസ്റ്റർ ചെയ്ത പതിപ്പിനൊപ്പം ഡോൾബി അറ്റ്മോസ് ശബ്ദസാങ്കേതികവിദ്യയും ഒരുക്കിയിട്ടുണ്ട്.
പഴയ സിനിമകളുടെ റീ റിലീസിൽ നിന്ന് വ്യത്യസ്തമായ സാങ്കേതിക പ്രക്രിയയിലൂടെയാണ് ‘തേന്മാവിൻ കൊമ്പത്ത്’ പുതിയ രൂപത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഒറിജിനൽ 35mm ഫിലിം പ്രിന്റ് 8K റെസല്യൂഷനിൽ സ്കാൻ ചെയ്ത ശേഷമാണ് 4K നിലവാരത്തിലേക്ക് റീമാസ്റ്റർ ചെയ്തിരിക്കുന്നത്.

ചെന്നൈയിലെ പ്രസാദ് ലാബിലാണ് സ്കാനിംഗ് പൂർത്തിയാക്കിയത്. ഫിലിം പ്രിന്റിലെ പഴക്കവും കേടുപാടുകളും പരിഹരിക്കുന്നതിനൊപ്പം, ചിത്രത്തിന്റെ യഥാർഥ ദൃശ്യഭംഗിയും ലൈറ്റിങ്ങും ഫ്രെയിമുകളിലെ സൂക്ഷ്മ വിശദാംശങ്ങളും പരമാവധി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുനഃസംസ്കരണ പ്രവർത്തനങ്ങൾ നടത്തിയത്.
ചിത്രത്തിന്റെ ഒറിജിനൽ പ്രിന്റ് കണ്ടെത്തുന്നതും പുനഃസംസ്കരണത്തിന്റെ നിർണായക ഘട്ടമായിരുന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന ഒരു ഫിലിം പ്രിന്റാണ് ഇതിനായി കണ്ടെത്തിയത്. പഴക്കം ചെന്ന പ്രിന്റ് ഉപയോഗയോഗ്യമാക്കുന്നതിനുള്ള സാങ്കേതിക പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഡിജിറ്റൽ റീസ്റ്റോറേഷൻ ആരംഭിച്ചത്.
പുതിയ മികവ്ദൃശ്യങ്ങൾക്കൊപ്പം സിനിമയുടെ ശബ്ദാനുഭവത്തിനും റീ റിലീസിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ചിത്രത്തിലെ സംഗീതവും ശബ്ദവും പുതുക്കി Dolby Atmos ഫോർമാറ്റിൽ മിക്സ് ചെയ്തിട്ടുണ്ട്. അതുവഴി പഴയ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലശബ്ദങ്ങളും കൂടുതൽ ഇമ്മേഴ്സീവ് ആയ തിയേറ്റർ അനുഭവമായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമം.
മോഹൻലാൽ അവതരിപ്പിച്ച മാണിക്യനും ശോഭനയുടെ കാർത്തുമ്പിയും വീണ്ടും തിയേറ്ററിലെത്തുന്നതാണ് റീ റിലീസിന്റെ പ്രധാന ആകർഷണം. ഗ്രാമീണ പശ്ചാത്തലത്തിൽ പ്രണയവും നർമ്മവും കുടുംബബന്ധങ്ങളും തെറ്റിദ്ധാരണകളും സംഗീതവുമെല്ലാം ചേർത്തൊരുക്കിയ ചിത്രമാണ് ‘തേന്മാവിൻ കൊമ്പത്ത്’.
മോഹൻലാൽ, ശോഭന എന്നിവർക്കൊപ്പം നെടുമുടി വേണു, ശ്രീനിവാസൻ, പപ്പു, കവിയൂർ പൊന്നമ്മ, സുകുമാരി, കെ.പി.എ.സി. ലളിത തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. കെ.വി. ആനന്ദിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ ദൃശ്യഭംഗിയുടെ പ്രധാന ഘടകമായിരുന്നു.
പ്രിയദർശൻ–മോഹൻലാൽ കൂട്ടുകെട്ടിൽ 1994ൽ പുറത്തിറങ്ങിയ ‘തേന്മാവിൻ കൊമ്പത്ത്’ മലയാള സിനിമയിലെ ശ്രദ്ധേയമായ ജനപ്രിയ ചിത്രങ്ങളിലൊന്നായി മാറി. എൻ. ഗോപാലകൃഷ്ണനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. പ്രണയകഥയ്ക്കൊപ്പം ഹാസ്യത്തിനും കഥാപാത്രബന്ധങ്ങൾക്കും സംഗീതത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ ചിത്രം റിലീസിന് പിന്നാലെ വലിയ പ്രേക്ഷക സ്വീകാര്യത നേടി.
ചിത്രത്തിലെ ഗാനങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇന്നും മലയാളി പ്രേക്ഷകരുടെ ഓർമയിൽ സജീവമാണ്. അതുകൊണ്ടുതന്നെ പുതിയ തലമുറയ്ക്ക് ആദ്യമായി ബിഗ് സ്ക്രീനിൽ ചിത്രം കാണാനും പഴയ പ്രേക്ഷകർക്ക് തങ്ങളുടെ പ്രിയപ്പെട്ട സിനിമ വീണ്ടും തിയേറ്റർ അന്തരീക്ഷത്തിൽ ആസ്വദിക്കാനും റീ റിലീസ് അവസരമൊരുക്കും.
മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള സിനിമയെ അതിന്റെ യഥാർഥ ഭാവം പരമാവധി സംരക്ഷിച്ചുകൊണ്ട് പുതിയ ദൃശ്യ-ശ്രാവ്യ നിലവാരത്തിൽ അവതരിപ്പിക്കുകയാണ് റീസ്റ്റോറേഷന്റെ ലക്ഷ്യം. മാണിക്യന്റെയും കാർത്തുമ്പിയുടെയും തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേക്ഷകർ.



