ബുഡാപെസ്റ്റ്: ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസൺ ടോട്ടൽ ചെസ് വേൾഡ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റിൽ വിവാദത്തിൽ. കസാഖിസ്ഥാന്റെ ബിബിസാര അസ്സൗബയേവയ്ക്കെതിരായ ഫാസ്റ്റ് ക്ലാസിക്കൽ മത്സരം കളിക്കാതെ വിട്ടുനിന്നതാണ് വിവാദത്തിന് കാരണമായത്. മത്സരം അർത്ഥശൂന്യമാണെന്നും കളിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു കാൾസന്റെ പ്രതികരണം.

ബുഡാപെസ്റ്റിൽ നടന്ന ആദ്യദിന മത്സരങ്ങളിൽ കാൾസൺ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ബ്ലിറ്റ്സ് മത്സരങ്ങളിൽ മൂന്നെണ്ണം ജയിക്കുകയും ഒന്നിൽ സമനില നേടുകയും ചെയ്തു. രണ്ട് റാപ്പിഡ് മത്സരങ്ങളിലും വിജയിച്ചു. ഇതോടെ ആദ്യ ആറ് മത്സരങ്ങൾക്കുശേഷം 11.5–0.5 എന്ന നിലയിൽ കാൾസൺ വ്യക്തമായ ലീഡ് സ്വന്തമാക്കി.
തുടർന്ന് നടക്കേണ്ടിയിരുന്ന ഫാസ്റ്റ് ക്ലാസിക്കൽ മത്സരത്തിൽ വിജയിച്ചാലും അസ്സൗബയേവയ്ക്ക് കാൾസനെ മറികടക്കാൻ കഴിയുമായിരുന്നില്ല. ഇതോടെയാണ് മത്സരത്തിൽനിന്ന് വിട്ടുനിൽക്കാൻ താരം തീരുമാനിച്ചത്.
നോർവീജിയൻ മാധ്യമമായ TV2-നോട് സംസാരിക്കവെയാണ് കാൾസൺ തന്റെ നിലപാട് വ്യക്തമാക്കിയത്. മത്സരത്തിന്റെ ഫലം നേരത്തേ തീരുമാനിക്കപ്പെട്ട സാഹചര്യത്തിൽ വീണ്ടും കളിക്കുന്നതിൽ അർത്ഥമില്ലെന്നായിരുന്നു താരത്തിന്റെ വിശദീകരണം.
നിശ്ചിത സമയത്തിനുള്ളിൽ കാൾസൺ ബോർഡിലെത്താത്തതിനെ തുടർന്ന് നിയമപ്രകാരം മത്സരം അസ്സൗബയേവയ്ക്ക് ഫോർഫീറ്റ് വഴി അനുവദിച്ചു. ഇതോടെ ആദ്യദിനത്തിലെ ആകെ സ്കോർ 11.5–8.5 ആയി.
കാൾസന്റെ തീരുമാനത്തിന് പിന്നിൽ ക്ലാസിക്കൽ റേറ്റിങ്ങുമായി ബന്ധപ്പെട്ട ആശങ്കകളുണ്ടായിരുന്നുവെന്നും വിലയിരുത്തലുകളുണ്ട്. ടൂർണമെന്റിലെ ഫാസ്റ്റ് ക്ലാസിക്കൽ വിഭാഗത്തിൽ പത്ത് മത്സരങ്ങളിൽ ഒമ്പതിലും സമനില വഴങ്ങിയ കാൾസൺ ഒരു മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.
ഇതോടെ താരത്തിന്റെ ക്ലാസിക്കൽ റേറ്റിങ്ങിൽ 21.8 പോയിന്റിന്റെ ഇടിവുണ്ടായി. ലൈവ് റേറ്റിങ് 2801.2 ആയി താഴുകയും ചെയ്തു. മത്സരത്തിൽ സമനിലയോ തോൽവിയോ ഉണ്ടായാൽ റേറ്റിങ് വീണ്ടും കുറയാമെന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഫോർഫീറ്റ് വഴി മത്സരം നഷ്ടപ്പെട്ടതോടെ റേറ്റിങ്ങിൽ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.
കാൾസന്റെ നടപടിക്കെതിരെ ചെസ് ലോകത്തുനിന്ന് വിമർശനങ്ങൾ ഉയർന്നു. അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (FIDE) ചീഫ് എക്സിക്യൂട്ടീവ് അഡ്വൈസർ എമിൽ സുടോവ്സ്കി താരത്തിന്റെ നടപടിയെ വിമർശിച്ചു.
ഇന്ത്യൻ ഓപ്പൺ ഒളിമ്പ്യാഡ് ടീമിന്റെ ക്യാപ്റ്റൻ ശ്രീനാഥ് നാരായണനും കായികമര്യാദയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു. അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹാൻസ് നീമാനും കാൾസന്റെ തീരുമാനത്തെയും താരത്തിന് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന ആരോപണത്തെയും ചോദ്യം ചെയ്തു.
അതേസമയം, ടൂർണമെന്റിന്റെ പുതിയ മത്സരരീതിയും നിയമങ്ങളും വിലയിരുത്തുന്നതിനുള്ള പൈലറ്റ് ടൂർണമെന്റാണിതെന്ന് സംഘാടകർ വ്യക്തമാക്കി. താരങ്ങളുടെയും ആർബിറ്റർമാരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഭാവിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അറിയിച്ചു.
മത്സരത്തിൽനിന്ന് കാൾസൺ പൂർണമായി പിന്മാറിയിട്ടില്ല. ഒരു മത്സരം മാത്രമാണ് ഫോർഫീറ്റ് ചെയ്തത്. രണ്ടാംദിനത്തിൽ ഇരുവരും വീണ്ടും ഏറ്റുമുട്ടേണ്ടതുണ്ട്. വിവാദത്തിന് പിന്നാലെ കാൾസൺ സ്വീകരിക്കുന്ന നിലപാടിനായി കാത്തിരിക്കുകയാണ് ചെസ് ലോകം.




