19 വർഷമായി ഓട്ടോ ഓടിക്കുന്ന മലപ്പുറം സ്വദേശിനിയുടെ വാഹനത്തിൽ യാത്രക്കാരിയായി പ്രിയങ്ക ഗാന്ധി
നിലമ്പൂർ: പതിവുപോലെ ഓട്ടോയുമായി ജോലിക്കെത്തിയ മലപ്പുറം കരുളായി സ്വദേശിനി ഫെബിനയെ കാത്തിരുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്തൊരു അനുഭവം. കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഫെബിന ഓടിച്ച ഓട്ടോറിക്ഷയിൽ യാത്രക്കാരിയായി കയറിയതോടെയാണ് ആ ദിവസം അവിസ്മരണീയമായത്.
ഐഎൻടിയുസിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് ഫെബിന ഓട്ടോയുമായി ചന്തക്കുന്നിൽ എത്തിയത്. പരിപാടിക്കെത്തിയപ്പോഴാണ് പ്രിയങ്ക ഗാന്ധി തന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമെന്ന വിവരം ഫെബിന അറിയുന്നത്. അപ്രതീക്ഷിതമായ വിവരം ആദ്യം അമ്പരപ്പുണ്ടാക്കിയെങ്കിലും പിന്നീട് വലിയ സന്തോഷമായി മാറിയെന്ന് ഫെബിന പറഞ്ഞു.

ഓട്ടോ യാത്രയ്ക്കിടെ പ്രിയങ്ക ഗാന്ധി ഫെബിനയുമായി സൗഹൃദ സംഭാഷണം നടത്തി. ആദ്യം പേര് ചോദിച്ചറിഞ്ഞ പ്രിയങ്ക, ഫെബിന എത്ര വർഷമായി ഓട്ടോ ഓടിക്കുന്നുവെന്നും ദിവസവും എത്ര സമയം ജോലി ചെയ്യാറുണ്ടെന്നും ചോദിച്ചു. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ ഓട്ടോ ഓടിക്കാറുണ്ടെന്നാണ് ഫെബിന പറഞ്ഞത്.
തുടർന്ന് ദിവസവരുമാനത്തെക്കുറിച്ചും പ്രിയങ്ക ചോദിച്ചു. ഏകദേശം 600 രൂപയാണ് ഒരു ദിവസത്തെ വരുമാനം എന്നായിരുന്നു ഫെബിനയുടെ മറുപടി. ഈ വരുമാനം കൊണ്ട് വീട്ടിലെ നിത്യച്ചെലവുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോയെന്നും പ്രിയങ്ക ചോദിച്ചു. “തട്ടിമുട്ടി പോകുന്നു” എന്നായിരുന്നു ഫെബിനയുടെ മറുപടി.
യാത്രയ്ക്കിടെ നടന്ന സംഭാഷണങ്ങൾക്ക് നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് സഹായിച്ചു. ഭാഷാ വ്യത്യാസം കാരണം ആവശ്യമായ ഭാഗങ്ങൾ അദ്ദേഹം പരിഭാഷപ്പെടുത്തുകയായിരുന്നു. യാത്ര അവസാനിച്ചപ്പോൾ പരിപാടി നടക്കുന്ന ബംഗ്ലാവിന്റെ മുറ്റത്തെത്തി. ഓട്ടോയിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് പ്രിയങ്ക ഗാന്ധി ഫെബിനയോട് നന്ദി പറഞ്ഞു. അപ്രതീക്ഷിതമായി ലഭിച്ച ഈ യാത്രയും പ്രിയങ്കയുമായി നേരിട്ട് സംസാരിക്കാനായതും തന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്ന് ഫെബിന പ്രതികരിച്ചു.
ദിവസവും നിരവധി യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്ന ഒരു ഓട്ടോ ഡ്രൈവറുടെ ജീവിതത്തിൽ, അന്നത്തെ യാത്രയ്ക്ക് പ്രത്യേകതയുണ്ടായിരുന്നു. പതിവ് ജോലിക്കായി ഓട്ടോയുമായി എത്തിയ ഫെബിനയ്ക്ക് രാജ്യത്തെ ശ്രദ്ധേയയായ രാഷ്ട്രീയ നേതാവിനെ യാത്രക്കാരിയായി ലഭിച്ചതാണ് ദിവസത്തെ വേറിട്ടതാക്കിയത്.



