ലോകനേതാക്കൾക്ക് മോദിയുടെ സമ്മാനങ്ങളിൽ ഇന്ത്യൻ പൈതൃകം

Rani Sundhar
2 Min Read

മനില: ഇന്ത്യയുടെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിലിപ്പീൻസ് സന്ദർശനത്തിനിടെ വിവിധ രാജ്യങ്ങളിലെ നേതാക്കൾക്ക് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത കരകൗശല ഉൽപ്പന്നങ്ങളും കലാരൂപങ്ങളുമാണ് മോദി സമ്മാനിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രാജസ്ഥാനിലെ പ്രശസ്തമായ സുവർണ പിച്ച്വായ് ചിത്രവും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് വെള്ളിയിൽ തീർത്ത പരമ്പരാഗത ഉരുളിയുമാണ് സമ്മാനമായി നൽകിയത്.

ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന് കശ്മീരിന്റെ പരമ്പരാഗത പട്ട് പരവതാനിയും പ്രഥമ വനിത ലിസ മാർക്കോസിന് പഷ്മിന ഷാളും പേപ്പർ മാഷേ പെട്ടിയും സമ്മാനിച്ചു.

ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്ക്ക് തമിഴ്നാട്ടിലെ ചോള രാജവംശത്തിന്റെ ശില്പകലാ പാരമ്പര്യം വിളിച്ചോതുന്ന വെങ്കല ശില്പമാണ് നൽകിയത്. ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിക്ക് ബനാറസി കതാൻ സിൽക്ക് സ്റ്റോളും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിന് ജയ്പൂരിന്റെ പ്രശസ്തമായ ബ്ലൂ പോട്ടറി കലാരൂപവും സമ്മാനിച്ചു.

തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാൻവിരകുലിന് ഗുജറാത്തിലെ കച്ച് മേഖലയിൽ നിന്നുള്ള റോഗൻ ചിത്രകലയും കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റിന് ഡോക്ര ലോഹശില്പത്തിൽ തീർത്ത വള്ളവുമാണ് നൽകിയത്.

മ്യാൻമർ നേതാവിനും ബ്രൂണെയിലെ സുൽത്താനും കർണാടകയിലെ ബിദറിന്റെ പ്രശസ്തമായ ബിദ്രിവെയർ വെള്ളി അലങ്കാര പാത്രങ്ങൾ സമ്മാനിച്ചു. ലാവോസ് പ്രധാനമന്ത്രി സോനെക്സായ് സിപ്പൻഡോണിന് റോസ് ക്വാർട്സിൽ തീർത്ത ആനശില്പവും ടിമോർ-ലെസ്റ്റെ പ്രധാനമന്ത്രി കായ് റാല സനാന ഗുസ്മാവോയ്ക്ക് ഗുജറാത്തിലെ ഖംഭാത്തിൽ നിർമിച്ച അഗേറ്റ് പാത്രവും നൽകി. വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹുങിന് പരമ്പരാഗത ലെതർ വാൾ ഹാംഗിങ്ങും സമ്മാനിച്ചു.

രാജസ്ഥാൻ, കശ്മീർ, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ കലാപാരമ്പര്യങ്ങളാണ് സമ്മാനങ്ങളിലൂടെ ലോകനേതാക്കൾക്ക് പരിചയപ്പെടുത്തിയത്.

ഓരോ സമ്മാനവും അതത് പ്രദേശത്തിന്റെ ചരിത്രവും സാംസ്കാരിക സവിശേഷതകളും തലമുറകളായി കൈമാറിവരുന്ന കരകൗശല വൈദഗ്ധ്യവും പ്രതിഫലിപ്പിക്കുന്നു. നയതന്ത്ര ബന്ധങ്ങളിൽ സാംസ്കാരിക കൈമാറ്റത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ സമ്മാനങ്ങൾ.

ഇന്ത്യയുടെ തനത് കലാരൂപങ്ങൾക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്നതിനും പരമ്പരാഗത കരകൗശല മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാർക്ക് ആഗോള അംഗീകാരം നേടുന്നതിനും ഇത്തരം നീക്കങ്ങൾ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×