കൊച്ചി: ചൂരമീനിൽ പരാന്നഭോജി വിരകളെ കണ്ടെത്തിയെന്ന വാർത്തകളും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും മത്സ്യപ്രേമികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കെ, ഇന്ത്യൻ തീരത്ത് ലഭിക്കുന്ന ട്യൂണ (ചൂര) മത്സ്യം ഒഴിവാക്കേണ്ട സാഹചര്യമില്ലെന്ന് കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (ICAR-CMFRI) വ്യക്തമാക്കി. മറ്റൊരു സമുദ്രപ്രദേശത്ത് നടത്തിയ പഠനത്തിന്റെ ഫലം ഇന്ത്യൻ കടലിൽ പിടിക്കുന്ന മത്സ്യങ്ങളിലേക്കും അതേപടി ബാധകമാക്കാനാകില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിശദീകരണം.

തെക്കൻ ബ്രസീലിന്റെ തീരത്തുള്ള അറ്റ്ലാന്റിക് സമുദ്രത്തിൽ പിടിച്ച സ്കിപ്പ്ജാക്ക് ട്യൂണയെ കേന്ദ്രീകരിച്ച് ബ്രസീലിലെ Federal University of Santa Catarina-യിലെ ഗവേഷകർ നടത്തിയ പഠനമാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് പിന്നിൽ.പഠനത്തിൽ പരിശോധിച്ച സ്കിപ്പ്ജാക്ക് ട്യൂണകളിൽ 96 ശതമാനത്തിലും പരാന്നഭോജി വിരകളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. 1,600-ലേറെ ലാർവകളാണ് ഗവേഷകർ കണ്ടെത്തിയത്. ചില മത്സ്യങ്ങളുടെ ഭക്ഷ്യയോഗ്യമായ മാംസപേശികളിലും ലാർവകൾ കണ്ടെത്തിയതാണ് റിപ്പോർട്ടിനെ കൂടുതൽ ശ്രദ്ധേയമാക്കിയത്.
എന്നാൽ, ഈ കണ്ടെത്തൽ ബ്രസീൽ തീരത്തെ മത്സ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിനെ ഇന്ത്യൻ തീരത്ത് പിടിക്കുന്ന ട്യൂണയിലേക്ക് നേരിട്ട് വ്യാപിപ്പിക്കുന്നത് ശാസ്ത്രീയമായി ശരിയല്ലെന്നാണ് CMFRI വ്യക്തമാക്കുന്നത്. ഇന്ത്യൻ തീരത്ത് പരിശോധിച്ച മത്സ്യങ്ങളിൽ ഹാനികരമായ പരാന്നഭോജി ബാധയുടെ ബാഹ്യലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നാണ് CMFRI വ്യക്തമാക്കിയത്. ഇന്ത്യൻ തീരത്ത് മത്സ്യങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലെ പരിശോധനകളിൽ കണ്ടെത്തിയിട്ടില്ലെന്നും സ്ഥാപനത്തിന്റെ വിശദീകരണത്തിൽ പറയുന്നു.
കടലിലെ എല്ലാ പ്രദേശങ്ങളിലെയും പരിസ്ഥിതി സാഹചര്യങ്ങൾ ഒരുപോലെയല്ല. പരാന്നഭോജികളുടെ സാന്നിധ്യവും വ്യാപനവും സമുദ്രത്തിലെ താപനില, ആവാസവ്യവസ്ഥ, ഭക്ഷ്യശൃംഖല, ഇടനില ജീവികളുടെ ലഭ്യത തുടങ്ങിയ നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രത്യേകിച്ച് copepods പോലുള്ള ഇടനില അല്ലെങ്കിൽ ദ്വിതീയ ആതിഥേയ ജീവികളുടെ ലഭ്യത ചില പരാന്നഭോജികളുടെ ജീവിതചക്രത്തെ സ്വാധീനിക്കാം. അതിനാൽ ഒരു സമുദ്രപ്രദേശത്ത് കൂടുതലായി കാണുന്ന പരാന്നഭോജികൾ മറ്റൊരു സമുദ്രപ്രദേശത്തും അതേ അളവിൽ ഉണ്ടാകണമെന്നില്ല.



