പിരായിരി: ജീവിതത്തിന്റെ തുടക്കത്തിൽ നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും നേരിട്ടെങ്കിലും അതിനുമുന്നിൽ തളരാതെ മുന്നേറിയ വ്യക്തിയായിരുന്നു പിരായിരി പള്ളിക്കുളം സ്വദേശി ശുഐബ് ഹിഷാമി ഉസ്താദ്. മതപഠനത്തിന്റെയും അധ്യാപനത്തിന്റെയും വഴിയോടൊപ്പം ജീവിതോപാധിക്കായി ആരംഭിച്ച വ്യാപാര സംരംഭത്തിലൂടെയും സമൂഹവുമായി ചേർന്നുനിന്ന അദ്ദേഹത്തിന്റെ ജീവിതം ഒടുവിൽ ആയിരങ്ങളുടെ കണ്ണീരോടെയാണ് അവസാനിച്ചത്.
ഉസ്താദുമാർക്കും പർദാ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കുമായി അദ്ദേഹം ആരംഭിച്ച കടയ്ക്ക് ‘ ഖൈറാത്ത്’ എന്നായിരുന്നു പേര് നൽകിയത്. പ്രിയപ്പെട്ട മർഹൂം ഉസ്താദ് തൗഫീഖ് അൽ ഹസനി നൽകിയ ഈ നാമം പിന്നീട് ശുഐബ് ഹിഷാമി ഉസ്താദിന്റെ ജീവിതത്തോടും ഏറെ അർഥവത്തായി ചേർന്നുനിന്നു.
ഖൈറാത്ത്’ എന്ന സ്ഥാപനത്തിലൂടെ ജീവിതോപാധി കണ്ടെത്തിയതിനൊപ്പം നിരവധി നല്ല ബന്ധങ്ങളും സൗഹൃദങ്ങളും സാമൂഹിക ബന്ധങ്ങളും അദ്ദേഹം നേടിയെടുത്തു. സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക ഇടപെടലുകളിലും സജീവമായിരുന്ന അദ്ദേഹം പരിചയപ്പെട്ടവരുടെ ഹൃദയങ്ങളിൽ സ്വന്തമായൊരു ഇടം നേടിയിരുന്നു.

അതിനാലാകാം അപ്രതീക്ഷിതമായി അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ജനാസ കാണാനും അവസാനമായി ഒരു നോക്ക് കാണാനും ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തിയത്. വലിയ ജനപങ്കാളിത്തത്തോടെയാണ് അദ്ദേഹത്തിന്റെ ജനാസ നിസ്ക്കാരം നടന്നത്. സമസ്തയുടെ പ്രമുഖ പണ്ഡിതന്മാരും നേതാക്കളും ഉൾപ്പെടെ നിരവധി ഉലമാക്കൾ ജനാസ നമസ്കാരത്തിനും അനുബന്ധ ചടങ്ങുകൾക്കും നേതൃത്വം നൽകി.
മരണവാർത്ത അറിഞ്ഞതു മുതൽ തന്നെ അദ്ദേഹത്തിനായി വിവിധ സ്ഥലങ്ങളിൽ തഹ്‌ലീലുകളും സൂറത്തുൽ ഇഖ്‌ലാസും ഫാതിഹയും സൂറത്തു യാസീനും ഖത്തുമുകളും സംഘടിപ്പിക്കപ്പെട്ടത് അദ്ദേഹത്തോട് സമൂഹത്തിനുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.
‘ ഖൈറാത്ത്’ എന്ന പേരിൽ തുടങ്ങിയ ഒരു ചെറിയ സംരംഭം… അതിലൂടെ നേടിയെടുത്ത അനേകം മനുഷ്യബന്ധങ്ങൾ… ഒടുവിൽ ആ ബന്ധങ്ങളിൽനിന്നുയർന്ന അനേകം ദുആകൾ.
കടയുടെ പേര് ‘ഹൈറാത്ത്’ ആയിരുന്നു. എന്നാൽ ജീവിതത്തിന്റെ അവസാനത്തിൽ അദ്ദേഹത്തിനായി ഉയർന്ന പ്രാർത്ഥനകളും ചെയ്തുകൂട്ടിയ നന്മകളും ജനങ്ങളുടെ സ്നേഹവും നോക്കുമ്പോൾ, ആ പേര് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു പ്രതീകമായി മാറിയതുപോലെ തോന്നുന്നു.
പ്രയാസങ്ങൾക്കിടയിലും നന്മയുടെ വഴിയിൽ മുന്നേറി, മനുഷ്യരുമായി സ്നേഹബന്ധങ്ങൾ സ്ഥാപിച്ച്, ഒടുവിൽ ആയിരങ്ങളുടെ ദുആകളോടെയാണ് ശുഐബ് ഹിഷാമി ഉസ്താദ് യാത്രയായത്.
അല്ലാഹു അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കുകയും പാപങ്ങൾ പൊറുത്തുകൊടുക്കുകയും മഗ്ഫിറത്തും മർഹമത്തും നൽകുകയും സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകുകയും ചെയ്യട്ടെ. ആമീൻ.



