കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് വാഹനാപകടത്തിൽ ദാരുണാന്ത്യം;

Sharanya Menon
1 Min Read

സഹതാരം ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ടീമായ കാലിക്കറ്റ് എഫ്‌സിയുടെ ഫുട്ബോൾ താരം റിജോൺ ജോസ് വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപം ഗാന്ധി റോഡിലുണ്ടായ ബൈക്ക് അപകടത്തിലാണ് തൃശൂർ സ്വദേശിയായ റിജോൺ ജോസിന്റെ ദാരുണാന്ത്യം. സഹതാരവും മുൻ സന്തോഷ് ട്രോഫി താരവുമായ ഗനി അഹമ്മദ് നിഗമിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.

ഞായറാഴ്ച രാത്രി ഏകദേശം 10 മണിയോടെയാണ് അപകടം നടന്നത്. റിജോൺ ജോസും ഗനി അഹമ്മദ് നിഗമും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ഇരുചക്രവാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമുള്ള ഗാന്ധി റോഡ് ഫ്ലൈഓവർ ഭാഗത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

Ref.No:DPCI-PKD-50

അപകടത്തിന്റെ ആഘാതത്തിൽ ഇരുചക്രവാഹനങ്ങളിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. റിജോൺ ജോസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗനി അഹമ്മദ് നിഗമിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതായാണ് റിപ്പോർട്ടുകൾ.

കേരളത്തിനായി സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുള്ള താരമാണ് ഗനി അഹമ്മദ് നിഗം. കാലിക്കറ്റ് എഫ്‌സിക്കായി റിജോൺ ജോസിനൊപ്പം പുതിയ സീസണിനുള്ള തയ്യാറെടുപ്പിലായിരുന്നു താരം.സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കാലിക്കറ്റ് എഫ്‌സിയെ നടുക്കിയ ദുരന്തം. റിജോൺ ഉൾപ്പെടെയുള്ള കാലിക്കറ്റ് എഫ്‌സി താരങ്ങൾ മത്സരത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കോഴിക്കോട് പരിശീലനത്തിലായിരുന്നു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×