യൂനുസ് മുസ്ലിയാർക്ക് വേണ്ടി അനുസ്മരണവും തഹ്ലീൽ സമർപ്പണവും സംഘടിപ്പിച്ചു
പൂടുർ : പൂടുർ പുത്തൻപള്ളി ശരീഅത്തുൽ ഇസ്ലാം ഇശാഅത്ത് സംഘം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീർഘകാലം മഹല്ലിലെ മതവിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്തിരുന്ന യൂനുസ് മുസ്ലിയാരുടെ അനുസ്മരണവും തഹ്ലീൽ സമർപ്പണവും സംഘടിപ്പിച്ചു. രാവിലെ പത്ത് മണിക്ക് നടന്ന പരിപാടിയിൽ മഹല്ല് നിവാസികളും പണ്ഡിതന്മാരും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ വലിയൊരു ജനാവലി സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന ഖബർ സിയാറത്തിന് മഹല്ല് ഖത്തീബ് നജ്മുദ്ദീൻ സഖാഫി നേതൃത്വം നൽകി. തുടർന്ന് മമ്പഉൽ ഖൈറാത്ത് മദ്റസ ഹാളിൽ നടന്ന പൊതുസമ്മേളനത്തിന് തുടക്കമായി. മഹല്ല് പണ്ഡിതനും നിവാസിയുമായ റാഷിദുൽ ഉലമാ മുഹമ്മദ് അലി ഹസ്റത്ത് ഇംദാദി പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. മദ്റസ സെക്രട്ടറി സാലിഹ് മുസ്ലിയാർ സ്വാഗതവും മഹല്ല് പ്രസിഡന്റ് അബ്ദുറഷീദ് സാഹിബ് അധ്യക്ഷത വഹിച്ചു. മൗലിദ്, ഖുർആൻ പാരായണം, തഹ്ലീൽ എന്നിവയ്ക്ക് മഹല്ല് ഖത്തീബും മദ്റസ സദർ മുഅല്ലിമുമായ നജ്മുദ്ദീൻ സഖാഫി നേതൃത്വം നൽകി.

നാല് പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന സേവനം
അനുസ്മരണ പ്രഭാഷണത്തിൽ അബ്ബാസ് സഖാഫി യൂനുസ് മുസ്ലിയാരുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ അനുസ്മരിച്ചു. മതാധ്യാപകനായി ജീവിതം സമർപ്പിക്കണമെന്ന തീരുമാനത്തെ തുടർന്ന് മണ്ണാർക്കാട് ദാറുന്നജാത്ത് സ്ഥാപനത്തിൽ പഠനമാരംഭിച്ച അദ്ദേഹം സി.കെ.എം. സാദിഖ് മുസ്ലിയാരുടെ ശിക്ഷണത്തിൽ രണ്ടുവർഷത്തോളം പഠനം നടത്തി. തുടർന്ന് ചളവറ ഹസൻ മുസ്ലിയാരുടെ അടുത്തും പഠനം തുടർന്നു. നാട്ടുകാരായ കുഞ്ഞിമുഹമ്മദിക്കയും അബ്ദുസ്സമദ് സഖാഫിയും പഠനകാലത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പഠനശേഷം നാട്ടിലെ കുരുന്നുകൾക്ക് മതവിദ്യാഭ്യാസം പകർന്നുനൽകുന്നതിനായി അധ്യാപനരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം മമ്പഉൽ ഖൈറാത്ത് മദ്റസയിൽ ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചു. നാല്പതിലേറെ വർഷം നീണ്ട അദ്ദേഹത്തിന്റെ സേവനം നിരവധി തലമുറകൾക്ക് മതവിജ്ഞാനത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകുന്നതായിരുന്നു. ഇന്നത്തെ മഹല്ലിലെ പലരുടെയും അധ്യാപകനോ അവരുടെ മക്കളുടെയും പേരമക്കളുടെയും ഉസ്താദോ ആയിരുന്നു യൂനുസ് മുസ്ലിയാർ.
കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനായി മദ്റസാ ജോലിക്ക് തടസ്സമാകാത്ത വിധത്തിൽ ഭക്ഷണം പാകം ചെയ്യുന്ന ജോലികളിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും അധ്യാപന ഉത്തരവാദിത്വം ആത്മാർത്ഥതയോടെ നിർവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് അബ്ബാസ് സഖാഫി അനുസ്മരിച്ചു.
അടുത്തിടെ ശസ്ത്രക്രിയ ആവശ്യമായതിനെ തുടർന്ന് മഹല്ല് കമ്മിറ്റിക്ക് അവധിയപേക്ഷ നൽകിയിരുന്നു. കമ്മിറ്റി അവധി അനുവദിക്കുകയും സാധ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം വീണ്ടും അധ്യാപനരംഗത്തേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു മഹല്ല് നിവാസികൾ. എന്നാൽ ആ പ്രതീക്ഷകൾക്ക് വിരാമമിട്ട് അദ്ദേഹത്തിന്റെ വിയോഗവാർത്തയെത്തിയത് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി.
സൽസ്വഭാവത്തിന്റെ മാതൃകയായിരുന്നു യൂനുസ് മുസ്ലിയാർ
ശുഐബ് മുസ്ലിയാർ അനുസ്മരണ പ്രഭാഷണത്തിൽ യൂനുസ് മുസ്ലിയാരുടെ സ്നേഹപൂർവമായ പെരുമാറ്റവും നല്ല സഹവാസവും പ്രത്യേകം എടുത്തുപറഞ്ഞു. പരിചയക്കാരെ കണ്ടാൽ കൈവീശി അഭിവാദ്യം ചെയ്യുകയും വിശേഷങ്ങൾ അന്വേഷിക്കുകയും എല്ലാവരോടും സൗഹൃദത്തോടെ ഇടപെടുകയും ചെയ്യുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഖുർആനിലെ ആദ്യാക്ഷരങ്ങൾ കുട്ടികൾക്ക് പഠിപ്പിക്കുന്നതിൽ പോലും അതീവ ശ്രദ്ധയും ക്ഷമയും പുലർത്തിയിരുന്നു.
നബി (സ്വ) സൽസ്വഭാവത്തിന്റെ മഹത്വത്തെക്കുറിച്ച് പഠിപ്പിച്ച സന്ദേശം ഉദ്ധരിച്ച അദ്ദേഹം, ആ സൽസ്വഭാവത്തിന്റെ ഉത്തമ മാതൃകകളിൽ ഒരാളായിരുന്നു യൂനുസ് മുസ്ലിയാറെന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിന് മാതൃകയാണെന്നും അല്ലാഹു നമ്മെയും സൽസ്വഭാവികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെയെന്നും പ്രാർത്ഥിച്ചു.
അവസാന നാളുകളിലും ഉത്തരവാദിത്വബോധം കൈവിട്ടില്ല
മഹല്ല് ഖത്തീബും മദ്റസ സ്വദർ മുഅല്ലിമുമായ നജ്മുദ്ദീൻ സഖാഫി അനുസ്മരണ പ്രഭാഷണത്തിൽ യൂനുസ് ഉസ്താദിന്റെ സമയനിഷ്ഠയും ഉത്തരവാദിത്വബോധവും എടുത്തുപറഞ്ഞു. മഹല്ല് സംവിധാനവും പള്ളിയുടെയും മദ്റസയുടെയും പ്രവർത്തനങ്ങളും സജീവമായ കാലം മുതൽ അവയോടൊപ്പം നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം.
രോഗാവസ്ഥയെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നിട്ടും വലിയ ധൈര്യത്തോടെയാണ് അദ്ദേഹം ജീവിതത്തെ നേരിട്ടത്. മറ്റ് ആവശ്യങ്ങൾക്കായി പുറത്തുപോയാലും കൃത്യസമയത്ത് മദ്റസയിലെത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പള്ളിയിലും മദ്റസയിലും നടക്കുന്ന പ്രവർത്തനങ്ങൾക്ക് എന്നും സഹായിയായി കൂടെയുണ്ടായിരുന്നു.
കുഞ്ഞുകുട്ടികളുടെ പ്രായത്തിനും ഗ്രഹണശേഷിക്കും അനുസരിച്ച് ക്ലാസെടുക്കാനും അക്ഷരങ്ങൾ രസകരമായ രീതിയിൽ പഠിപ്പിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. നിത്യജീവിതത്തിൽ ആവശ്യമായ കാര്യങ്ങളും നിസ്കാരശീലങ്ങളും കുട്ടികൾക്ക് പകർന്നുനൽകുന്നതിൽ വലിയ താൽപര്യമാണ് അദ്ദേഹം കാണിച്ചിരുന്നത്. ഉസ്താദിന്റെ അവസാന നാളുകളിലും അദ്ദേഹത്തോടൊപ്പം നിൽക്കാൻ കഴിഞ്ഞത് വലിയ ആശ്വാസമാണെന്നും നജ്മുദ്ദീൻ സഖാഫി പറഞ്ഞു.
ബാല്യകാല സൗഹൃദത്തിന്റെ ഓർമകളുമായി ജബ്ബാർ മാസ്റ്റർ
യൂനുസ് ഉസ്താദിന്റെ ബാല്യകാലം മുതലുള്ള സൗഹൃദവും ഒരുമിച്ചുള്ള പഠനകാലവും അനുസ്മരിച്ച് ജബ്ബാർ മാസ്റ്ററും സംസാരിച്ചു. ചെറുപ്പം മുതൽ കളികളിലും മദ്റസയിലേക്കുള്ള യാത്രകളിലും ഒരുമിച്ചുണ്ടായിരുന്ന സൗഹൃദബന്ധം അദ്ദേഹം ഓർത്തെടുത്തു. മദ്റസയിൽ ആദ്യമായി പൊതുപരീക്ഷ എഴുതിയവരിൽ ഇരുവരും ഉണ്ടായിരുന്നുവെന്നും നബിദിന പരിപാടികളിൽ ഒരുമിച്ച് സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച പഴയകാല അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. യൂനുസ് ഉസ്താദ് ഇന്നും തങ്ങൾക്കിടയിൽ ജീവിക്കുന്നതുപോലെയുള്ള ഓർമകളാണ് മനസ്സിലുള്ളതെന്നും അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ പ്രയാസമാണെന്നും ജബ്ബാർ മാസ്റ്റർ പറഞ്ഞു.
മരണപ്പെട്ട് അഞ്ചാം നാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ ഇത്രയേറെ വിശ്വാസികൾ ഒത്തുചേർന്നത് യൂനുസ് മുസ്ലിയാർ ജനഹൃദയങ്ങളിൽ നേടിയെടുത്ത സ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും തെളിവാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സമാപന പ്രാർത്ഥനയ്ക്ക് നജ്മുദ്ദീൻ സഖാഫി നേതൃത്വം നൽകി. പറളി റെയ്ഞ്ചിലെയും സമീപ മഹല്ലുകളിലെയും ഖത്തീബുമാരും മദ്റസ അധ്യാപകരും മഹല്ല് നിവാസികളും ചടങ്ങിൽ സംബന്ധിച്ചു. മദ്റസ സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു. തബറുക്ക് വിതരണത്തോടെ പരിപാടി സമാപിച്ചു.



