നാഗോയ: ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ മിക്സഡ് മാർഷൽ ആർട്സിൽ (MMA) ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കി സുചിക താരിയാൽ. ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ട്രഡീഷണൽ MMA 60 കിലോഗ്രാം വിഭാഗത്തിലാണ് 36കാരിയായ ഇന്ത്യൻ താരം വെങ്കല മെഡൽ നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ MMAയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും സുചിക സ്വന്തമാക്കി.

MMA ഈ വർഷമാണ് ഏഷ്യൻ ഗെയിംസിന്റെ മത്സര ഇനമായി ആദ്യമായി ഉൾപ്പെടുത്തിയത്. അതിനാൽ ഈ ഇനത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ എന്ന പ്രത്യേകതയും സുചികയുടെ നേട്ടത്തിനുണ്ട്.മെഡൽ ഉറപ്പിക്കുന്ന നിർണായക മത്സരത്തിൽ മംഗോളിയയുടെ അൽതാൻചിമെഗ് ബൈഗാൽമയെ 2-0ന് പരാജയപ്പെടുത്തിയാണ് സുചിക സെമിഫൈനലിലേക്ക് മുന്നേറിയത്. ക്വാർട്ടർ ഫൈനലിലെ വിജയത്തോടെ അവസാന നാല് താരങ്ങളിൽ ഇടം നേടിയ സുചികയ്ക്ക് കുറഞ്ഞത് വെങ്കല മെഡൽ ഉറപ്പായിരുന്നു.
സെമിഫൈനലിൽ സിംഗപ്പൂരിന്റെ ഹൂയ് ഹൂൺ ടിയോയെ നേരിട്ട സുചികയ്ക്ക് അധിക റൗണ്ടിലേക്ക് നീണ്ട പോരാട്ടത്തിൽ നേരിയ വ്യത്യാസത്തിൽ പരാജയം സമ്മതിക്കേണ്ടിവന്നു. ഇതോടെ ഫൈനലിലേക്കുള്ള അവസരം നഷ്ടമായെങ്കിലും ഇന്ത്യയ്ക്കായി ചരിത്രപരമായ വെങ്കല മെഡൽ ഉറപ്പിക്കുകയായിരുന്നു.
സുചിക താരിയാലിന്റെ കരിയർ ഒരൊറ്റ കായിക ഇനത്തിൽ ഒതുങ്ങിയതല്ല. ജുഡോ, കുറാഷ്, ജിയു-ജിറ്റ്സു, MMA തുടങ്ങിയ വിവിധ കോമ്പാറ്റ് സ്പോർട്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് അവർ.



