പട്ടാമ്പി–ചാലിശ്ശേരി പാത അപകടക്കെണി; ഒന്നരമാസത്തിനിടെ ആറ് അപകടങ്ങൾ

Zaid Ebrahim Anwari
1 Min Read

പട്ടാമ്പി: നവീകരണ പ്രവൃത്തികൾ നടക്കുന്ന പട്ടാമ്പി–ചാലിശ്ശേരി പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. റോഡ് പണി നടക്കുന്ന ഭാഗങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തത് യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നതായാണ് പരാതി. വാവനൂരിൽ കഴിഞ്ഞ ദിവസം രാത്രി ഓവുചാലിനായി എടുത്ത ആഴമുള്ള കുഴിയിലേക്ക് ടെമ്പോ വാൻ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.

ഓവുചാൽ നിർമ്മാണത്തിനായി നാലര മീറ്ററിലധികം ആഴത്തിൽ കുഴിയെടുത്തിരുന്നെങ്കിലും ഡ്രൈവർമാർക്ക് വ്യക്തമായി കാണാവുന്ന മുന്നറിയിപ്പ് ബോർഡുകളോ മതിയായ സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒന്നരമാസത്തിനിടെ ഈ പാതയിൽ ആറ് അപകടങ്ങളാണ് ഉണ്ടായത്. ചാലിശ്ശേരി മുതൽ കൂറ്റനാട് വരെയുള്ള ഭാഗത്ത് റോഡിന്റെ പകുതിയോളം ഏറെക്കാലമായി പൊളിച്ചിട്ട നിലയിലാണ്. ബാരിക്കേഡുകളുടെ അഭാവം, രാത്രിയിലെ വെളിച്ചക്കുറവ്, റോഡിലെ ആഴത്തിലുള്ള കുഴികൾ എന്നിവ യാത്രക്കാർക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Ref.No:ZE-515-024-50

നിർമാണ മേഖലകളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പലയിടത്തും മതിയായ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്.

14 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാൽ രണ്ട് വർഷത്തോടടുത്തിട്ടും നവീകരണം പൂർണമായിട്ടില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

റോഡ് നിർമാണം പൂർത്തിയാകുന്നതുവരെ വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള താൽക്കാലിക സംവിധാനങ്ങൾ ശക്തമാക്കണമെന്നും ആവശ്യമുയരുന്നു. നിർമാണപ്രവൃത്തികൾ വേഗത്തിലാക്കി റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×