മാത്തൂരിൽ ഭീതിയൊഴിയുന്നു;

Zaid Ebrahim Anwari
1 Min Read

ജനവാസമേഖലയിൽ ഇറങ്ങിയ രണ്ടുവയസ്സുള്ള പുലി കൂട്ടിലായി

കൊല്ലങ്കോട്: മാത്തൂരിലും സമീപ പ്രദേശങ്ങളിലും ദിവസങ്ങളായി ആശങ്ക സൃഷ്ടിച്ചിരുന്ന പുലിയെ ഒടുവിൽ വനംവകുപ്പ് കൂട്ടിലാക്കി. ജനവാസമേഖലയിൽ തുടർച്ചയായി പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് രണ്ടുവയസ്സുള്ള ആൺപുലി കൂട്ടിലായത്. വ്യാപാരിചള്ളയിൽ ഹരിദാസിന്റെ വീടിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഞായറാഴ്ച രാത്രി പുലി കുടുങ്ങിയത്.

പുലിയുടെ സഞ്ചാരപാതയും സാന്നിധ്യവും സ്ഥിരീകരിക്കുന്നതിനായി പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തിയിരുന്നു. ക്യാമറ ദൃശ്യങ്ങളിലൂടെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുലിയെ പിടികൂടുന്നതിനായി പ്രത്യേക കൂട് സ്ഥാപിച്ചത്.കൂട്ടിലായ പുലിയെ പിന്നീട് തുത്തംപാറ വനമേഖലയിലേക്ക് മാറ്റി.

വിദഗ്ധരുടെ നേതൃത്വത്തിൽ പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ആരോഗ്യപരിശോധന പൂർത്തിയാക്കിയ ശേഷം അനുയോജ്യമായ വനമേഖലയിൽ പുലിയെ തുറന്നുവിടുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക.

Ref.NoZE-515-024-50

മാത്തൂരിന് പുറമെ സമീപ പ്രദേശമായ കൊശവൻകോട്ടിലും നേരത്തെ പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു.രാത്രികാലങ്ങളിൽ പ്രദേശവാസികൾ കൂടുതൽ ജാഗ്രത പാലിച്ചുവരുന്നതിനിടെയാണ് പുലി കൂട്ടിലായത്. ഇതോടെ മാത്തൂരിലും പരിസര പ്രദേശങ്ങളിലും നിലനിന്നിരുന്ന ആശങ്കയ്ക്ക് വലിയൊരളവിൽ ആശ്വാസമായിട്ടുണ്ട്.

പുലിയെ സുരക്ഷിതമായി വനമേഖലയിലേക്ക് മാറ്റിയ സാഹചര്യത്തിൽ, പ്രദേശത്ത് വനംവകുപ്പിന്റെ നിരീക്ഷണം തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുലിയുടെ സാന്നിധ്യം വീണ്ടും ജനവാസമേഖലകളിൽ ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള നിരീക്ഷണം തുടരും.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×