500-ലേറെ കുടുംബങ്ങൾ ഭീതിയിൽ; 20-ലേറെ വീടുകളിൽ വിള്ളൽ — ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച്
പിരായിരി: വർഷങ്ങൾക്കുമുമ്പ് ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച മാമ്പറ ക്വാറിയുടെ പ്രവർത്തനം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ഒന്നടങ്കം രംഗത്ത്. ക്വാറിയുടെ ലൈസൻസ് റദ്ദാക്കി പ്രവർത്തനം പൂർണമായും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പിരായിരി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
ക്വാറിക്ക് സമീപം താമസിക്കുന്ന 500-ലേറെ കുടുംബങ്ങളാണ് ക്വാറി വീണ്ടും തുറക്കുമെന്ന ആശങ്കയിൽ കഴിയുന്നത്. ക്വാറിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി 20-ലേറെ വീടുകൾക്ക് വിള്ളൽ സംഭവിച്ചതായി സമരസമിതി ആരോപിച്ചു. പ്രവർത്തനം പുനരാരംഭിച്ചാൽ പ്രദേശത്ത് വലിയ ദുരന്തത്തിന് വഴിയൊരുങ്ങുമെന്ന മുന്നറിയിപ്പും സമരസമിതി നൽകി.

ക്വാറിയുടെ 200 മീറ്റർ പരിധിക്കുള്ളിൽ സ്കൂളുകൾ, അറബിക് കോളേജുകൾ, 22.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക്, വലിയ വൈദ്യുതി ടവർ ലൈൻ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ക്വാറി പ്രവർത്തനം ആരംഭിക്കുന്നത് വിദ്യാർത്ഥികളുടെയും പ്രദേശവാസികളുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുമെന്നും സമരക്കാർ ചൂണ്ടിക്കാട്ടി.
കൂടാതെ ക്വാറി പ്രവർത്തനം മൂലം ഭൂഗർഭജലസ്രോതസ്സുകൾക്ക് തിരിച്ചടിയുണ്ടാകുകയും പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്യുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും കുടിവെള്ളത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഒരു പ്രവർത്തനത്തിനും അനുമതി നൽകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആഗസ്റ്റ് 31ന് രാവിലെ 10.30ന് നവക്കോട് പെട്രോൾ പമ്പ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പിരായിരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന ധർണ്ണ അഡ്വ. ജോൺ ജോൺ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പ്രദേശവാസികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും മാമ്പറ ക്വാറിയുടെ ലൈസൻസ് റദ്ദാക്കി പ്രവർത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
“ക്വാറി തുറന്നാൽ മാമ്പറ വീണ്ടും അപകടഭീതിയിലാകും. ജനങ്ങളുടെ ജീവനും കുടിവെള്ളവും സംരക്ഷിക്കണം. ലൈസൻസ് റദ്ദാക്കുന്നതുവരെ സമരം തുടരും” എന്ന നിലപാടിലാണ് ജനകീയ സമരസമിതി.
പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായതോടെയാണ് ധർണ്ണ സമാപിച്ചത്.



