തിരുവനന്തപുരം: ഓണാഘോഷങ്ങൾക്കായി കേരളം ഒരുങ്ങുന്നതിനിടെ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 23 മുതൽ 27 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ തുടങ്ങിയ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഓണാഘോഷങ്ങളും യാത്രകളും സജീവമാകുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് ജനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്. യാത്രക്കാർ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.



