അർജന്റീനൻ യുവ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

Sandhya Chandran
1 Min Read

ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ മത്സരത്തിനിടെ എതിർതാരത്തിന്റെ കിക്ക് തലയിൽ പതിച്ച് ഗുരുതരമായി പരിക്കേറ്റ അർജന്റീനൻ യുവതാരം അബെൽ നൂനസ് (Abel Núñez) അന്തരിച്ചു. 18 വയസ്സുകാരനായ താരം മൂന്ന് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സംഭവത്തോടെ അർജന്റീനൻ ഫുട്ബോൾ ലോകം ദുഃഖത്തിലായി.

അർജന്റീനയിലെ യുവതാരങ്ങൾക്കായുള്ള അഞ്ചാം ഡിവിഷൻ മത്സരത്തിൽ എഫ്.സി. എസൈസ (FC Ezeiza) ടീമിനുവേണ്ടി കളിക്കുകയായിരുന്നു അബെൽ. ഡിപോർട്ടീവോ മുനിസിനെതിരായ മത്സരത്തിനിടെ എതിർടീമിലെ പ്രതിരോധതാരം പന്ത് ക്ലിയർ ചെയ്യാൻ ശക്തമായി കിക്ക് ചെയ്തു. എന്നാൽ പന്ത് പ്രതീക്ഷിക്കാത്ത രീതിയിൽ അബെലിന്റെ തലയിലേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ താരം മൈതാനത്ത് കുഴഞ്ഞുവീണു.

Ref.No:DPCI-PKD-50

സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നൽകിയശേഷം താരത്തെ ആശുപത്രിയിലെത്തിച്ചു. തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. എന്നാൽ ആരോഗ്യനില മെച്ചപ്പെട്ടില്ല. ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മത്സരത്തിന് സാക്ഷിയായിരുന്ന കായിക മാധ്യമപ്രവർത്തകൻ ക്രിസ്റ്റ്യൻ റൊംപാനിയുടെ വെളിപ്പെടുത്തൽ പ്രകാരം, ഏകദേശം നാലോ അഞ്ചോ മീറ്റർ അകലെനിന്നാണ് പന്ത് അബെലിന്റെ തലയിലേക്ക് ശക്തമായി പതിച്ചത്. തന്റെ ദീർഘകാലത്തെ കായിക റിപ്പോർട്ടിങ് ജീവിതത്തിൽ ഇത്രയും ശക്തമായൊരു ഷോട്ട് അപൂർവമായാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

അബെലിന്റെ മരണവാർത്ത സ്ഥിരീകരിച്ച എഫ്.സി. എസൈസ ക്ലബ് അനുശോചന സന്ദേശം പുറത്തിറക്കി. നിരവധി സ്വപ്നങ്ങളുമായി മുന്നോട്ടുപോയിരുന്ന യുവതാരത്തിന്റെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് ക്ലബ് വ്യക്തമാക്കി.

ഫുട്സാൽ രംഗത്തും സജീവമായിരുന്ന അബെൽ ന്യൂവ എസ്ട്രെല്ല ക്ലബ്ബിന്റെ റിസർവ് ടീമിലും കളിച്ചിരുന്നു. താരത്തിന്റെ മരണത്തെ തുടർന്ന് ക്ലബ് കായിക പരിപാടികൾ മാറ്റിവെച്ചു. എതിർടീമായ ഡിപോർട്ടീവോ മുനിസും കുടുംബത്തിനും സഹതാരങ്ങൾക്കും അനുശോചനം അറിയിച്ചു.

ഫുട്ബോൾ മൈതാനത്തെ ഒരു സാധാരണ പന്ത് ക്ലിയറൻസ് ദാരുണമായ ദുരന്തമായി മാറിയതിന്റെ ഞെട്ടലിലാണ് കായികലോകം. ചെറുപ്രായത്തിൽ തന്നെ ജീവിതവും ഫുട്ബോൾ സ്വപ്നങ്ങളും അവസാനിച്ച അബെലിന്റെ വിയോഗത്തിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തുന്നത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×