കാൻസർ സാധ്യത കുറയ്ക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വെളുത്തുള്ളി, സവാള, തക്കാളി, കാരറ്റ്, കോളിഫ്ലവർ, കാബേജ്, ബ്രോക്കോളി, കൂൺ എന്നിവയുൾപ്പെടെ എട്ട് പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കാൻസർ സർജൻ ഡോ. അർജുൻ ശങ്കരൻ ചൂണ്ടിക്കാട്ടുന്നു.

പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽനിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന എട്ട് പച്ചക്കറികൾ
1. വെളുത്തുള്ളി: സൾഫർ സംയുക്തങ്ങളും അലിസിനുമായി ബന്ധപ്പെട്ട ഘടകങ്ങളും അടങ്ങിയ വെളുത്തുള്ളി ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വെളുത്തുള്ളി ചതച്ചശേഷം കുറച്ചുനേരം മാറ്റിവെച്ച് പാചകത്തിൽ ചേർക്കുന്നത് ഗുണകരമായ സംയുക്തങ്ങൾ രൂപപ്പെടാൻ സഹായിക്കും.
2. സവാള: ക്വെർസെറ്റിൻ (Quercetin) പോലുള്ള ആന്റിഓക്‌സിഡന്റുകൾ സവാളയിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.
3. തക്കാളി: ലൈക്കോപീൻ (Lycopene) എന്ന ആന്റിഓക്‌സിഡന്റ് ഘടകത്താൽ സമ്പന്നമാണ് തക്കാളി. അല്പം എണ്ണ ചേർത്ത് പാകം ചെയ്യുമ്പോൾ ലൈക്കോപീൻ ശരീരത്തിന് കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും.
4. കാരറ്റ്: ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയ കാരറ്റ് കണ്ണുകളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഗുണകരമാണ്. പച്ചയായും വേവിച്ചും കഴിക്കാം.
5. കോളിഫ്ലവർ: ക്രൂസിഫെറസ് പച്ചക്കറി വിഭാഗത്തിൽപ്പെടുന്ന കോളിഫ്ലവറിൽ ഗ്ലൂക്കോസിനോലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ആവിയിൽ വേവിച്ചോ ചെറുതായി വഴറ്റിയോ കഴിക്കുന്നത് നല്ലതാണ്.
6. കാബേജ്: വിറ്റാമിൻ സി, വിറ്റാമിൻ കെ, നാരുകൾ, വിവിധ സസ്യജന്യ സംയുക്തങ്ങൾ എന്നിവ കാബേജിൽ അടങ്ങിയിട്ടുണ്ട്. തോരനായും സാലഡായും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
7. ബ്രോക്കോളി: സൾഫോറഫേൻ (Sulforaphane) രൂപപ്പെടാൻ സഹായിക്കുന്ന സംയുക്തങ്ങൾ ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. കുറച്ചുസമയം ആവിയിൽ വേവിച്ച് കഴിക്കുന്നത് ഗുണകരമാണ്.
8. കൂൺ: ബി വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ് കൂൺ. നന്നായി പാകം ചെയ്തശേഷം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
കാൻസർ പ്രതിരോധത്തിന് ഭക്ഷണശീലം മാത്രം മതിയോ?
പച്ചക്കറികൾ ധാരാളമായി കഴിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രധാന ഭാഗമാണ്. എന്നാൽ ഒരു പ്രത്യേക പച്ചക്കറി കഴിച്ചതുകൊണ്ട് മാത്രം കാൻസർ തടയാനാകില്ല. ജനിതക ഘടകങ്ങൾ, പ്രായം, പുകവലി, മദ്യപാനം, അമിതവണ്ണം, ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് തുടങ്ങിയവയും കാൻസർ സാധ്യതയെ സ്വാധീനിക്കുന്നു.
പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ സമീകൃത ഭക്ഷണം, പതിവായ വ്യായാമം, ആരോഗ്യകരമായ ശരീരഭാരം, പുകവലി ഒഴിവാക്കൽ, മദ്യപാനം ഒഴിവാക്കൽ എന്നിവ കാൻസർ സാധ്യത കുറയ്ക്കുന്നതിനുള്ള പ്രധാന ജീവിതശൈലി ഘടകങ്ങളാണ്.
ശ്രദ്ധിക്കുക: പച്ചക്കറികൾ കാൻസറിനുള്ള മരുന്നല്ല. കാൻസർ ചികിത്സയ്ക്ക് പകരമായി ഭക്ഷണക്രമങ്ങളെ ആശ്രയിക്കരുത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ രോഗസാധ്യത കുറയ്ക്കുന്നതിനുള്ള സമഗ്രമായ സമീപനത്തിന്റെ ഭാഗമാണ്.




