റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനായി എത്തുന്ന വിദേശികൾക്ക് കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളിൽ സുപ്രധാന മാറ്റം. യോഗ്യതയുള്ള വിദഗ്ധ തൊഴിലാളികൾക്ക് സ്വന്തം തൊഴിൽ വിസ നടപടികൾ പൂർത്തിയാകുന്നതിന് മുമ്പുതന്നെ കുടുംബാംഗങ്ങളുടെ എൻട്രി വിസ നടപടികൾ ആരംഭിക്കാനും, നിശ്ചിത വ്യവസ്ഥകൾ പാലിച്ചാൽ കുടുംബാംഗങ്ങളെ ഒരുമിച്ച് സൗദിയിലെത്തിക്കാനും അനുമതി നൽകിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയവും മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. വിദേശ തൊഴിലാളികളുടെ കുടുംബജീവിതം കൂടുതൽ സുഗമമാക്കുകയും രാജ്യത്ത് താമസിക്കുന്നവരുടെ ജീവിതനിലവാരം ഉയർത്തുകയുമാണ് നടപടിയുടെ പ്രധാന ലക്ഷ്യം.
സാധാരണയായി സൗദിയിൽ ജോലി ചെയ്യാനെത്തുന്ന പ്രവാസി ആദ്യം തൊഴിൽ വിസയിൽ രാജ്യത്തെത്തി തുടർന്ന് താമസാനുമതിയായ ഇഖാമ നേടുകയും അതിനുശേഷം കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുന്ന രീതിയായിരുന്നു പലർക്കും പ്രായോഗികമായി ഉണ്ടായിരുന്നത്.
പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത, യോഗ്യതയുള്ള തൊഴിലാളിയുടെ തൊഴിൽ വിസ നടപടികൾ പൂർത്തിയാകുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ എൻട്രി വിസ നടപടികളും നടത്താൻ കഴിയുമെന്നതാണ്. അതിനാൽ പ്രധാന തൊഴിലാളിയുടെ നടപടികൾ മുഴുവനായി പൂർത്തിയാക്കി ഇഖാമ ലഭിക്കുന്നതുവരെ കുടുംബത്തെ കൊണ്ടുവരാൻ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.
കുടുംബാംഗങ്ങൾ എൻട്രി വിസയിൽ സൗദിയിലെത്തിയതിന് ശേഷം അവരുടെ താമസാനുമതി നടപടികൾ പൂർത്തിയാക്കാം. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കും കുടുംബാംഗങ്ങളുടെ ഇഖാമ നടപടികൾ നടത്തുക. സൗദി സർക്കാരിന്റെ ദേശീയ പോർട്ടലിലും കുടുംബാംഗങ്ങൾക്ക് ഇഖാമ അനുവദിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനം ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ലഭ്യമാണെന്ന് വ്യക്തമാക്കുന്നു.
പുതിയ തീരുമാനം സൗദിയിൽ പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന പ്രവാസികൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്. പ്രത്യേകിച്ച് ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ജോലി ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ കുടുംബത്തെയും സൗദിയിലേക്ക് കൊണ്ടുവരാനുള്ള സാധ്യത വർധിക്കും. കുടുംബത്തിൽ നിന്ന് മാസങ്ങളോളം അകന്ന് കഴിയേണ്ട സാഹചര്യം കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിസ പ്ലാറ്റ്ഫോമിൽ താമസക്കാരുടെ കുടുംബ സന്ദർശന വിസയ്ക്കുള്ള സേവനങ്ങളും നിലവിലുണ്ട്. എന്നാൽ പുതിയ പ്രഖ്യാപനം അതിൽ നിന്ന് വ്യത്യസ്തമായി യോഗ്യതയുള്ള പുതിയ വിദഗ്ധ തൊഴിലാളികളുടെ കുടുംബത്തെ തൊഴിൽ വിസ നടപടികളോടൊപ്പം രാജ്യത്ത് എത്തിക്കുന്ന സംവിധാനവുമായി ബന്ധപ്പെട്ടതാണ്. (Visa Platform)



