1.65 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി, മഹാനദിയിലെ ജലനിരപ്പ് ആശങ്ക ഉയർത്തുന്നു
ഭുവനേശ്വർ: ഒഡീഷയിൽ പ്രളയ സാഹചര്യം കൂടുതൽ ഗുരുതരമാകുന്നതിനിടെ സംസ്ഥാനത്ത് നിന്ന് ഇതുവരെ 1.65 ലക്ഷത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ ആറുലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിരിക്കുകയാണ്.
ബാലസോർ, ഭദ്രക്, ജാജ്പുർ, മയൂർഭഞ്ച് ജില്ലകളിലാണ് പ്രളയത്തിന്റെ ആഘാതം ഏറ്റവും രൂക്ഷം. തുടർച്ചയായ കനത്ത മഴയെ തുടർന്ന് നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം, മഹാനദിയിലെ ജലനിരപ്പ് ഉയരുന്നത് പുതിയ ആശങ്കകൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഛത്തീസ്ഗഢിലെയും മധ്യപ്രദേശിലെയും മഴയെ തുടർന്ന് ടെൽ, ഇബ്, ജിറ എന്നീ പോഷകനദികളിൽ നിന്നുള്ള ജലപ്രവാഹം മഹാനദിയിലേക്ക് വർധിച്ചതോടെ താഴ്ന്ന പ്രദേശങ്ങളിൽ ഇടത്തരം പ്രളയത്തിന് സാധ്യതയുണ്ടെന്ന് ജലവിഭവ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഹിരാകുഡ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാൽ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ആവശ്യമായാൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടി വരാമെന്നും അധികൃതർ അറിയിച്ചു. കട്ടക്കിന് സമീപമുള്ള മുണ്ടാലി മേഖലയിലൂടെ ഒഴുകുന്ന ജലത്തിന്റെ അളവ് വർധിക്കുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. പ്രളയസാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതബാധിത ജില്ലകളിലെ ഉദ്യോഗസ്ഥരുടെ അവധിയും റദ്ദാക്കി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭരണകൂടത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സംസ്ഥാന സർക്കാർ അഭ്യർഥിച്ചു.



