​കേരള മുസ്ലീം ജമാഅത്ത് ​സർക്കിൾ ‘റീസ്റ്റോർ-26’ ക്യാബിനറ്റ് അസംബ്ലികൾ വ്യാഴാഴ്ച തുടങ്ങും

Zaid Ebrahim Anwari
1 Min Read

​സംഘടന നവീകരണം താഴെത്തട്ടിലേക്കും

​പാലക്കാട് | സംഘടനയെ താഴെത്തട്ടിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ജില്ലയിലെ 58 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സർക്കിൾ റീസ്റ്റോർ -26ന് വ്യാഴാഴ്ച തുടക്കമാകും. വിവിധ സോണുകളിലെ സർക്കിൾ ഭാരവാഹികൾ പങ്കെടുക്കും.

​ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ പാകത്തിൽ പ്രസ്ഥാനത്തിന്റെ പ്രവർത്തനശൈലി നവീകരിക്കുക, മഹല്ല് തലങ്ങളിൽ കൂടുതൽ ജനകീയമായ ഇടപെടലുകൾ നടത്തുക, പൊതുഭരണം, സാമ്പത്തികം, അഡ്മിനിസ്ട്രേഷൻ, ഓർഗനൈസിംഗ്, ദഅ്‌വ, മഹല്ല് ജമാഅത്ത്, നിയമം, വിദ്യാഭ്യാസം, മീഡിയ, സാമൂഹിക ക്ഷേമം, അടിസ്ഥാന വികസനം തുടങ്ങിയ വൈവിധ്യമാർന്ന വകുപ്പുകളെ അടിസ്ഥാനമാക്കിയാണ് ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്.

​ഓരോ മേഖലയിലും വരേണ്ട കാലാനുസൃതമായ മാറ്റങ്ങളെക്കുറിച്ചും അവ താഴെത്തട്ടിലുള്ള കമ്മിറ്റികളിൽ എങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്നതിനെക്കുറിച്ചും ക്യാമ്പിൽ കൃത്യമായ മാർഗരേഖ അവതരിപ്പിക്കും. മഹല്ലുകളുടെ ശാക്തീകരണവും സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകലും ചർച്ചകളുടെ പ്രധാന അജണ്ടയാണ്.

​കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എൻ കെ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ, ജനറൽ സെക്രട്ടറി ശൗക്കത്ത് ഹാജി കാരക്കുറുശ്ശി, ഫിനാൻസ് സെക്രട്ടറി കെ ഉമർ മദനി വിളയൂർ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ഗ്രൂപ്പുകളായി ജില്ലാ ഭാരവാഹികൾ 58 സർക്കിൾ റീ സ്റ്റോറുകളിലും വിവിധ സമയങ്ങളിലായി പങ്കെടുക്കും. ജൂലൈ രണ്ടിന് ആരംഭിക്കുന്ന സംഗമങ്ങൾ 13നകം പൂർത്തിയാകും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്.

​ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ കെ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ എസ് തങ്ങൾ പഴമ്പാലക്കോട്, ശൗക്കത്ത് ഹാജി കാരക്കുറുശ്ശി, കെ ഉമർ മദനി വിളയൂർ, എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, ഉണ്ണീൻ കുട്ടി സഖാഫി പാലോട്, അബൂബക്കർ ബാഖവി നാടുമംഗലം, സിദ്ദീഖ് ഹാജി തില്ലങ്കോട്, സുലൈമാൻ മുസ്‌ലിയാർ ചുണ്ടമ്പറ്റ, എം എ നാസർ സഖാഫി പള്ളിക്കുന്ന്, ഡോ. നാസർ വരോട്, മുഹമ്മദലി സുഅ്ദി വല്ലപ്പുഴ, റശീദ് സഖാഫി പട്ടിശ്ശേരി, അബ്ദുസ്സമദ് സഅദി ആലൂർ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×