അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം: 28 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ

Sreelekha
1 Min Read

കാബൂൾ: അഫ്ഗാനിസ്ഥാൻ അതിർത്തി മേഖലകളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിലും കരസേനാ നീക്കങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 28 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ അഫ്ഗാൻ മിഷൻ (UNAMA) സ്ഥിരീകരിച്ചു. ആക്രമണത്തിൽ 49 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

എന്നാൽ, ആക്രമണത്തിൽ 36 സാധാരണക്കാർ കൊല്ലപ്പെടുകയും 160-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അവകാശപ്പെടുന്നത് സാധാരണക്കാരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്നും, ഇത് പാകിസ്ഥാന്റെ ക്രൂരവും ഭീരുത്വപരവുമായ നടപടിയാണെന്നും താലിബാൻ വക്താക്കൾ കുറ്റപ്പെടുത്തി. പക്തിയ പ്രവിശ്യയിലെ മന്ദോഖൈൽ എന്ന ഗ്രാമത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, അതിർത്തി പ്രവിശ്യകളായ പക്തിയ, പക്തിക, കുനാർ എന്നിവിടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് സൈനിക നടപടി സ്വീകരിച്ചതെന്നാണ് പാകിസ്ഥാന്റെ വിശദീകരണം. അടുത്തിടെ പാകിസ്ഥാനിൽ നിരപരാധികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണങ്ങൾക്ക് മറുപടിയായി നടത്തിയ ഓപ്പറേഷനിൽ 29 തീവ്രവാദികൾ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്താഉല്ല തരാർ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച കറാച്ചിയിലെ സിന്ധ് റേഞ്ചേഴ്സ് പാരാമിലിട്ടറി ആസ്ഥാനത്ത് ഉണ്ടായ ആത്മഹത്യാ ബോംബാക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ തഹ്രീകെ താലിബാൻ പാകിസ്ഥാന്റെ (TTP) ഉപവിഭാഗമായ ‘ജമാഅത്തുൽ അഹ്‌രാർ’ ഏറ്റെടുത്തിരുന്നു. ഈ സംഭവത്തിൽ പിടിയിലായ ഭീകരൻ അഫ്ഗാൻ പൗരനാണെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അതിർത്തി കടന്നുള്ള സൈനിക നടപടി ഉണ്ടായത്.

വരാനിരിക്കുന്ന ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-അതിർത്തി ബന്ധം കൂടുതൽ വഷളാകാൻ ഈ സംഭവം കാരണമായേക്കുമെന്നാണ് വിലയിരുത്തലുകൾ.

 

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×