ശ്രീകൃഷ്ണപുരം: സെൻ്റ് ഡൊമിനിക് സ് സ്കൂൾ പാർലമെൻ്റ് ഉത്ഘാടനവും, കഴിഞ്ഞ അദ്ധ്യായന വർഷത്തിൽ പഠന മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും, ഉന്നത വിജയത്തിന് വിദ്യാർത്ഥികളെ പരിശീലിപ്പിച്ച അധ്യാപകർക്കും അവാർഡ് വിതരണം ചെയ്തു. ഒരു വർഷം നീണ്ടു നില്ക്കുന്ന സമ്പൂർണ്ണ പരിസ്ഥിതി സാക്ഷരതാ യഞ്ജത്തിൽ പ്രകൃതി സംരക്ഷണത്തിന് മികച്ച നിർദേശങ്ങൾ തയ്യാറാക്കി നല്കിയ ആറ് വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ഗ്രീൻസ്റ്റാർ അവാർഡ് നല്കി.
ജനാധിപത്യത്തെയും, പാർലമെൻറ് സംവിധാനത്തെയും സ്കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുവാനും, പങ്കാളികളാകുവാനുമുള്ള പരിശീലനമാണ് സ്കൂൾ പാർലമെൻറിലൂടെ ലഭ്യമാക്കുന്നത്. നാമനിർദേശ പത്രികാസമർപ്പണം, ഇലക്ഷൻ പ്രചരണം, പോളിങ്ങ്സ്റ്റേഷൻ, കൃത്യമായ ഡിജിറ്റൽ വോട്ടിങ്ങ്, ഫലപ്രഖ്യാപനം എന്നിവയെല്ലാം രാജ്യത്തെ തിരഞ്ഞെടുപ്പിൻ്റെ അതേ രീതിയിൽ. സ്കൂൾ പ്രിൻസിപ്പൽ സി. പൗളിൻ ഒ. പി. യുടെ മുമ്പാകെ മന്ത്രിസഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. വിദ്യാർത്ഥികളിൽ പാർലമെൻ്ററി ജനാധിപത്യത്തോടുള്ള അടുപ്പവും, അറിവും വർദ്ധിപ്പിക്കുന്നതിനും, നേതൃത്വ ഗുണം വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് ഇത്ര വിപുലമായ ഇലക്ഷൻ പ്രക്രിയ സകൂളിൽ പൂർത്തിയാക്കിയത് എന്ന് ചീഫ് ഇലക്ഷൻ ഓഫീസർ ഗീത ടീച്ചർ പറഞ്ഞു.
ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ അരവിന്ദാക്ഷൻ മാസ്റ്റർ ഉത്ഘാനം ചെയ്ത ചടങ്ങിന് സ്കൂൾ വൈസ് പ്രിൻസിപ്പൽ സി. ജൂലി ഒ. പി. അധ്യക്ഷം വഹിച്ചു. സിവിൽ സർവ്വീസ് റാങ്ക് ജേതാവും, സെൻ്റ് ഡൊമിനിക് സ് സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയും ആയ കുമാരി അഞ്ജന. ബി മുഖ്യ അഥിതിയായി. സിവിൽ സർവ്വീസ് അഭിമുഖ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും, ദേശീയ തലത്തിൽ രണ്ടാം റാങ്കും കരസ്ഥമാക്കാൻ കഴിഞ്ഞത് സ്കൂളിൽ ലഭിച്ച അവസരങ്ങളെ കൃത്യമായി പ്രയോജനപ്പെടുത്തിയത്കൊണ്ടാണ് എന്ന് അഞ്ജന വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. സ്കൂൾ പഠന കാലത്ത് തന്നെ കാണുന്ന സ്വപ്നമാണ് ജീവിതത്തിൽ യാധാർത്ഥ്യമാകുന്നത് എന്നും, നല്ല സ്വപ്നങ്ങളാണ് നല്ല ലക്ഷ്യങ്ങൾ സ്വന്തമാക്കാൻ വിദ്യാർത്ഥികൾക്ക് കരുത്താകേണ്ടതെന്നും സ്വന്തം ജീവിത അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ അഞ്ജന പറഞ്ഞു.
കുമാരി പാർവ്വതി പ്രേം, നബ്ഹാൻ അസീം, സുഹാൻ ഷിഹാസ് എന്നിവർ സംസാരിച്ചു.



