തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷൻ കാർഡുകളിലും നിലവിൽ ഉപയോഗിക്കുന്ന സജീവ മൊബൈൽ നമ്പർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 30 ആണെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.
റേഷൻ കാർഡിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ പേരിലുള്ളതും നിലവിൽ ഉപയോഗിക്കുന്നതുമായ മൊബൈൽ നമ്പർ കാർഡുമായി ബന്ധിപ്പിക്കാം. മൊബൈൽ നമ്പർ പുതുക്കുന്നതിനായി അക്ഷയ കേന്ദ്രം, ജനസേവന കേന്ദ്രം എന്നിവയെയോ സിറ്റിസൺ പോർട്ടലിനെയോ ഉപയോഗപ്പെടുത്താം.
സ്മാർട്ട് പി.ഡി.എസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റേഷൻ കാർഡുകളിലെ വിവരങ്ങൾ കൃത്യമായി പുതുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത്.

അതേസമയം, ആറുമാസമായി റേഷൻ വാങ്ങാത്ത കാർഡുകളെ ‘Silent Ration Cards’ ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യുന്നതിനുള്ള നടപടികളും നടക്കുന്നുണ്ട്. ഇത്തരത്തിൽ ഡീആക്ടിവേറ്റ് ചെയ്യുന്ന കാർഡിലെ അംഗങ്ങൾ മൂന്ന് മാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കിയാൽ കാർഡ് വീണ്ടും സജീവമാക്കാനുള്ള അവസരമുണ്ടാകും.
ഒരാൾ ഒന്നിലധികം റേഷൻ കാർഡുകളിൽ അംഗമായി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത്തരം വിവരങ്ങളും പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നടത്തും. മഞ്ഞ, പിങ്ക്, നീല, വെള്ള തുടങ്ങി എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും മൊബൈൽ നമ്പർ പുതുക്കുന്നതിനുള്ള നിർദേശം ബാധകമാണ്.
ശ്രദ്ധിക്കുക: സെപ്റ്റംബർ 30ന് മുമ്പ് മൊബൈൽ നമ്പർ ബന്ധിപ്പിച്ചില്ലെങ്കിൽ എല്ലാവരുടെയും റേഷൻ വിതരണം നിർത്തിവയ്ക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ശരിയല്ല. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതും ആറുമാസമായി റേഷൻ വാങ്ങാത്ത കാർഡുകളുടെ പരിശോധനയും വ്യത്യസ്ത നടപടികളാണ്.



