മൗലിദ്  സിൽസിലയ്ക്ക്  ഖുത്ബിയ്യത്ത്  മജ്ലിസോടെ സമാപനം;

Zaid Ebrahim Anwari
2 Min Read

മഹല്ലിൽ വിശുദ്ധ റബീഉൽ അവ്വൽ മാസത്തോടനുബന്ധിച്ച് തുടർന്നുവന്ന മൗലിദ് സിൽസിലയ്ക്ക് ഖുത്ബിയ്യത്ത് മജ്ലിസോടെ സമാപനം. ഇന്നലെ മഗ്‌രിബ് നിസ്കാരത്തിന് ശേഷം നടന്ന സമാപന മജ്ലിസിൽ മുന്നൂറോളം പേർ പങ്കെടുത്തു. മുഹ്‌യിദ്ദീൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) അനുസ്മരണവും പരിപാടിയുടെ ഭാഗമായി നടന്നു.

മഹല്ല് ഖതീബ് നജ്മുദ്ദീൻ സഖാഫി ഉസ്താദിന്റെ നേതൃത്വത്തിലായിരുന്നു ഖുത്ബിയ്യത്ത് മജ്ലിസ്. മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മുതിർന്നവർ, യുവാക്കൾ, മദ്റസ വിദ്യാർഥികൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ ചടങ്ങിൽ പങ്കെടുത്തു.

Ref.No:ZE-515-024-50

പ്രഭാഷണത്തിൽ നജ്മുദ്ദീൻ സഖാഫി ഉസ്താദ് പ്രവാചക മഹത്വവും അനുസ്മരണത്തിന്റെ പ്രാധാന്യവും വിശദീകരിച്ചു. ലോക സൃഷ്ടികളിൽ ഏറ്റവും ഉന്നതമായ സൃഷ്ടിയാണ് പ്രവാചകൻ മുഹമ്മദ് മുസ്തഫാ ﷺ എന്നും, പ്രവാചക പരമ്പരയിലെ അവസാന പ്രവാചകനായി മുഹമ്മദ് നബി ﷺ നിയോഗിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാചക പരമ്പരയിലെ അവസാന പ്രവാചകനായിരിക്കുമ്പോഴും ലോകസൃഷ്ടികളിൽ ഏറ്റവും ഉന്നതമായ സ്ഥാനമാണ് അല്ലാഹു മുഹമ്മദ് നബി ﷺയ്ക്ക് നൽകിയിരിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോകജീവിതം താൽക്കാലികമാണെന്നും ശാശ്വതമായ പരലോക ജീവിതത്തിനായി നന്മകൾ പ്രവർത്തിക്കുകയാണ് വിശ്വാസിയുടെ ലക്ഷ്യമാകേണ്ടതെന്നും അദ്ദേഹം ഉണർത്തി. മഹല്ലിലെ പള്ളി, മദ്റസ, മറ്റ് സ്ഥാപനങ്ങൾ എന്നിവ പൂർവികരുടെ ത്യാഗത്തിന്റെയും സേവനത്തിന്റെയും ഫലമാണെന്നും, അവരിൽ പലരും ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും അവരുടെ സൽകർമ്മങ്ങളുടെ ഓർമ്മകൾ നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മജ്ലിസിന്റെ ഭാഗമായി ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ)യുടെ മഹത്വവും ആത്മീയ ജീവിതവും അനുസ്മരിച്ചു. മഹല്ലിന്റെ പുരോഗതിക്കും ഐക്യത്തിനും നന്മയ്ക്കും വേണ്ടി പ്രത്യേകം പ്രാർഥനയും നടന്നു.

മഹല്ലിലെ വീടുകളിൽ നിന്ന് ഉമ്മമാരും സഹോദരിമാരും സ്നേഹപൂർവം തയ്യാറാക്കി നൽകിയ പത്തിരി ഉൾപ്പെടെയുള്ള ഭക്ഷണമാണ് മജ്ലിസിന് ശേഷം തബറുക്കായി വിതരണം ചെയ്തത്. മഹല്ലിലെ സ്ത്രീകളുടെ ഈ ആത്മാർഥമായ സഹകരണത്തിനും സേവനത്തിനും ചടങ്ങിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ഉമ്മമാരുടെയും സഹോദരിമാരുടെയും സേവനത്തിനും കുടുംബങ്ങളുടെ നന്മയ്ക്കും വേണ്ടി ദുആയിൽ പ്രത്യേകം പ്രാർഥനയും നടത്തി. മഹല്ലിലെ പൂർവികർക്കും മരണപ്പെട്ട മഹല്ല് നിവാസികൾക്കും, നിലവിലെ മഹല്ല് നേതൃത്വത്തിനും മുഴുവൻ നിവാസികൾക്കും, രോഗബാധിതരായി മജ്ലിസിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും പ്രത്യേക പ്രാർഥന നടത്തി.

ഖുത്ബിയ്യത്ത് മജ്ലിസിനും ദുആയ്ക്കും ശേഷം തബറുക്ക് വിതരണം ചെയ്തതോടെ മൗലിദ് സിൽസിലയുടെ സമാപന പരിപാടികൾക്ക് പരിസമാപ്തിയായി.

✍️ *സൈദ് അൻവരി*

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×