യു.എസിന് മുന്നിൽ ഏഴ് ഉപാധികളുമായി ഇറാൻ.
തെഹ്റാൻ: ഏഴുമാസത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ പുനരാരംഭിക്കുന്നതിന് യു.എസിന് മുന്നിൽ ഏഴ് ഉപാധികൾ വെച്ചതായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗ ൺസിൽ സെക്രട്ടറി മുഹ്സിൻ റെസായി. മധ്യസ്ഥരായ ഖത്തർ മുഖേനയാണ് യു.എസിന് മുന്നിൽ ഇറാൻ തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചതെന്നും തങ്ങളുടെ നിബന്ധകൾ അംഗീകരിച്ചില്ലെങ്കിൽ നിർണായക യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും’അൽ ജസീറ’ക്ക് നൽകിയ അഭിമുഖത്തിൽ റെസായി വ്യക്തമാക്കി.
“എല്ലാ മുന്നണികളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഫണ്ടുകൾ മോചിപ്പിക്കുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഞങ്ങളുടെ നിബന്ധനകൾ. ഈ നിബന്ധനകൾ അംഗീകരിക്കുന്നത് അമേരിക്കൻ താൽപ്പര്യത്തിന് നല്ലതാണ്. ട്രംപിന്റെ ഭീഷണികൾ ഒരു ഫലവും ഉണ്ടാക്കില്ല. ഞങ്ങൾ ഒരു നിർണായക യുദ്ധത്തിന് തയ്യാറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും റെസായി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഇറാന്റെ “അവകാശങ്ങളും നിബന്ധനകളും” അംഗീകരിക്കണമെന്ന് റെസായി എക്സിലും പറഞ്ഞു.
”ധാരണാപത്രത്തിൽ നിന്ന് പിന്മാറിയതോടെയാണ് വാഷിങ്ടണോടുള്ള തന്ത്രം മാറ്റേണ്ടതിന്റെ ആവശ്യകത ഇറാന് ബോധ്യമായത്. ഇറാനെക്കുറിച്ചുള്ള ട്രംപിന്റെ വിലയിരുത്തലുകളും കണക്കുകൂട്ടലുകളും തെറ്റാണ്. യുദ്ധത്തിന് തുടക്കമിട്ടത് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആണ്. അമേരിക്കൻ സൈന്യത്തിന്റെ ദൗർബല്യങ്ങൾ ഇറാന് അറിയാം. യു.എസ് വിമാനവാഹിനിക്കപ്പലിന് സമീപം അടുത്തിടെ കപ്പൽ വിരുദ്ധ മിസൈൽ പരീക്ഷിച്ചു.”
ഇറാനെതിരെ ആക്രമണമുണ്ടായാൽ അമേരിക്കൻ സൈനിക താവളങ്ങളെയും മേഖലയിലെ അമേരിക്കൻ ആസ്തികളെയും ശക്തമായി ആക്രമിക്കുമെന്നും റെസായി മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയും യെമനിലെ ഹൂതികളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ സൈനിക ആസൂത്രണം മാറ്റിയെന്നും, ഇപ്പോൾ പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലെ യു.എസ് നാവിക ആസ്തികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഘർഷം “കഴിയുന്നത്ര വേഗത്തിൽ” അവസാനിപ്പിക്കുന്നതിനായി തെഹ്‌റാൻ നയതന്ത്രപരമായ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും റസായി വ്യക്തമാക്കി.
ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറാൻ ഇറാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് റെസായി പറഞ്ഞു. എന്നിരുന്നാലും, കൂടുതൽ ഉപരോധങ്ങളോ ആണവ വിഷയം യു.എൻ സുരക്ഷാ സമിതിക്ക് വിടുകയോ ചെയ്താൽ അത് “തെഹ്‌റാനെ പിന്മാറ്റത്തിലേക്ക് തള്ളിവിട്ടേക്കാം” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായുള്ള കരാറിന് തെഹ്‌റാൻ ഇപ്പോഴും അനുകൂല സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. കരാറിലെത്തുന്നതിന് തൊട്ടുമുമ്പ് ഇരുപക്ഷവും “ചെറിയൊരു കാൽവെപ്പ് അകലെ” വരെ എത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിയൻ ഭരണകൂടത്തിനെതിരെ വീണ്ടും വൻ സൈനിക നടപടി സ്വീകരിക്കണോ വേണ്ടയോ എന്നതിൽ ഒരു “വലിയ തീരുമാനത്തിന്റെ” മുന്നിലാണെന്ന് ട്രംപ് ഈ ആഴ്ച ‘ആക്സിയോസിനോട്’ പറഞ്ഞിരുന്നു. “എന്റെ കാര്യത്തിൽ എന്തും സംഭവിക്കാം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍റെ പ്രതികരണം.



