സിംഗപ്പൂർ SG Arrival Card-ന് പുതിയ രൂപം

Riya Cheriyan
1 Min Read

പാസ്‌പോർട്ട് സ്‌കാൻ വഴി വിവരങ്ങൾ സ്വയം പൂരിപ്പിക്കാം

സിംഗപ്പൂർ: സിംഗപ്പൂരിലേക്കുള്ള യാത്രക്കാരുടെ പ്രവേശന നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി SG Arrival Card (SGAC) സംവിധാനത്തിൽ മാറ്റങ്ങളുമായി ഇമിഗ്രേഷൻ ആൻഡ് ചെക്ക്‌പോയിന്റ്‌സ് അതോറിറ്റി (ICA). പുതുക്കിയ ഇന്റർഫേസ് ഓഗസ്റ്റ് 26 മുതൽ ICA വെബ്‌സൈറ്റിൽ പരീക്ഷിക്കാനാകും. പുതിയ സൗകര്യങ്ങൾ MyICA Mobile ആപ്പിലും ലഭ്യമാകും.

പുതിയ SG Arrival Card സംവിധാനത്തിൽ 19 ഭാഷകളുടെ ഓപ്ഷനും പാസ്‌പോർട്ട് സ്‌കാൻ ചെയ്ത് വിവരങ്ങൾ സ്വയമേവ പൂരിപ്പിക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി യാത്രക്കാർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം കുറയ്ക്കാനാകും. നിലവിലെ പതിപ്പിലൂടെയോ പുതുക്കിയ പതിപ്പിലൂടെയോ SG Arrival Card സമർപ്പിച്ചാൽ മതിയെന്നും ഒരേ യാത്രയ്ക്കായി വീണ്ടും അപേക്ഷ നൽകേണ്ടതില്ലെന്നും ICA വ്യക്തമാക്കി.

സിംഗപ്പൂരിൽ 2020-ൽ നിർത്തലാക്കിയ പേപ്പർ Disembarkation/Embarkation Card, സാധാരണയായി ‘വൈറ്റ് കാർഡ്’ എന്നറിയപ്പെട്ടിരുന്നതിന്റെ ഇലക്ട്രോണിക് പതിപ്പാണ് SG Arrival Card.സിംഗപ്പൂരിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദേശ യാത്രക്കാർ അവരുടെ വരവ് സംബന്ധിച്ച വിവരങ്ങളും ഇലക്ട്രോണിക് ആരോഗ്യ പ്രഖ്യാപനവും സമർപ്പിക്കണം. വുഡ്‌ലാൻഡ്‌സ്, ടുവാസ് ചെക്ക്‌പോയിന്റുകൾ വഴി സിംഗപ്പൂരിലെത്തുന്ന മലേഷ്യൻ പൗരന്മാരും ഉൾപ്പെടെ എല്ലാ വിദേശ സന്ദർശകരും SG Arrival Card സമർപ്പിക്കേണ്ടതാണ്.

എത്തുന്ന ദിവസം ഉൾപ്പെടെ മൂന്ന് ദിവസത്തിനുള്ളിൽ SG Arrival Card സമർപ്പിക്കണം. എന്നാൽ സിംഗപ്പൂരിൽ ഇമിഗ്രേഷൻ ക്ലിയറൻസ് നേടാതെ ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്ക് ഇത് ബാധകമല്ല.വുഡ്‌ലാൻഡ്‌സ്, ടുവാസ് ചെക്ക്‌പോയിന്റുകൾ വഴി പ്രവേശിക്കുന്ന സിംഗപ്പൂർ പൗരന്മാർ, സ്ഥിരതാമസക്കാർ (Permanent Residents), ദീർഘകാല പാസ് ഉടമകൾ എന്നിവർക്കും SGAC സമർപ്പിക്കേണ്ടതില്ല.

SG Arrival Card വിസയല്ലെന്നും, ICAയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ MyICA Mobile ആപ്പ് വഴിയോ സമർപ്പിക്കുന്നത് പൂർണമായും സൗജന്യമാണെന്നും ICA വ്യക്തമാക്കി. യാത്രക്കാർ വ്യാജ വെബ്‌സൈറ്റുകളിലൂടെയോ ഏജന്റുമാരിലൂടെയോ പണം നൽകി SG Arrival Card സമർപ്പിക്കേണ്ടതില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×