ദുബായ്: യുഎഇയിൽ നിന്ന് ഒമാനിലേക്ക് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ, വാഹനം ബാങ്ക് വായ്പയിലോ മോർട്ട്ഗേജിലോ ആണെങ്കിൽ മുൻകൂട്ടി ബാങ്കിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ആവശ്യമുണ്ടോ എന്ന് ഉറപ്പാക്കണം.
സമീപകാലത്ത് ഒരു യുഎഇ സ്വദേശിയുടെ അനുഭവം ഈ വിഷയത്തിൽ യാത്രക്കാർക്ക് മുന്നറിയിപ്പായി മാറിയിരിക്കുകയാണ്. നിരവധി തവണ ഇതേ വാഹനത്തിൽ ഒമാനിലേക്ക് യാത്ര ചെയ്തിരുന്നെങ്കിലും, ഏറ്റവും പുതിയ യാത്രയിൽ യുഎഇ–ഒമാൻ അതിർത്തിയിൽ അധികൃതർ വാഹനം ബാങ്ക് വായ്പയിലാണെന്ന് കണ്ടെത്തി എൻഒസി ആവശ്യപ്പെട്ടു.
തുടർന്ന് ബന്ധപ്പെട്ട ബാങ്കിനെ സമീപിച്ചപ്പോൾ, ബാക്കി വായ്പാ തുകയ്ക്ക് തുല്യമായ തുക നിക്ഷേപിക്കുകയും, അതിന് പുറമേ രണ്ട് ശതമാനം ഫീസും അടയ്ക്കുകയും ചെയ്ത ശേഷമേ എൻഒസി നൽകാനാകൂ എന്നും, സർട്ടിഫിക്കറ്റ് ലഭിക്കാൻ ഏകദേശം മൂന്ന് പ്രവൃത്തി ദിവസമെടുക്കുമെന്നും ബാങ്ക് അറിയിച്ചതായി യാത്രക്കാരൻ പറഞ്ഞു.
ഈ അപ്രതീക്ഷിത നടപടിക്രമം യാത്ര വൈകാനും ആശയക്കുഴപ്പത്തിനും കാരണമായി.



