ചൈനയുടെ വടക്കുപടിഞ്ഞാറൻ ഗാൻസു (Gansu) പ്രവിശ്യയിലെ താൻചാങ് (Tanchang) കൗണ്ടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ കുറഞ്ഞത് 21 പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച ലോംഗ്നാൻ (Longnan) നഗരത്തിലെ റെൻസാങ് (Renzang) ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. മണ്ണിടിച്ചിലിൽ 33 പേർ കുടുങ്ങിയതായി അധികൃതർ അറിയിച്ചു. ഇവരിൽ അഞ്ച് പേരെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി.
സംഭവത്തെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തന സേന, അഗ്നിശമനസേന, പൊലീസ് എന്നിവർ ഉൾപ്പെടെയുള്ള വിവിധ സംഘങ്ങൾ സ്ഥലത്തെത്തി തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തി. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ചൈനയിൽ ഉണ്ടായ വെള്ളപ്പൊക്കം, ഇടിമിന്നലോട് കൂടിയ കനത്ത മഴ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 36 ആയി ഉയർന്നതായി സിൻഹുവ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവർ സമീപത്തെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.



