കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ് തുടരുന്നു; മുഹമ്മദൻ എസ്.സിയെ വീഴ്ത്തി തുടർച്ചയായ അഞ്ചാം മത്സരത്തിലും തോൽവിയില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്

Nixon Thottan (DPCI)
1 Min Read

മത്സരത്തിന്റെ ആദ്യ പകുതിയിൽ പന്തടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടുനിന്നെങ്കിലും 42-ാം മിനിറ്റിൽ മഹിതോഷ് റോയിയുടെ ലോങ്ങ് റേഞ്ച് ഗോളിലൂടെ മുഹമ്മദൻ എസ്.സിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് മറുപടി നൽകി. കെവിൻ യോക്കിന്റെ കൃത്യമായ പാസിൽ നിന്നും ഫ്രാഞ്ചു നേടിയ ഗോളിലൂടെ ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ ഊർജ്ജസ്വലമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് 59-ാം മിനിറ്റിൽ ലീഡെടുത്തു. കെവിൻ യോക്ക് നൽകിയ മനോഹരമായ ക്രോസിൽ നിന്നും വിക്ടർ ബെർട്ടോമിയു ഉജ്ജ്വലമായ ഒരു ഹെഡറിലൂടെ ടീമിന്റെ രണ്ടാം ഗോൾ നേടി. 74-ാം മിനിറ്റിൽ മലയാളിയായ മുന്നേറ്റ താരം ശ്രീക്കുട്ടൻ എം.എസ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചു. ഫ്രാഞ്ചു നൽകിയ പാസ് പോസ്റ്റിന്റെ മൂലയിലേക്ക് എത്തിച്ചാണ് ശ്രീക്കുട്ടൻ ടീമിനായി മൂന്നാം ഗോൾ കണ്ടെത്തിയത്.

മത്സരത്തിന്റെ അവസാന ഘട്ടത്തിൽ അമർജിത് സിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മുഹമ്മദൻസിന് തിരിച്ചടിയായി. രണ്ട് അസിസ്റ്റുകളുമായി കെവിൻ യോക്കും ഒരു ഗോളും അസിസ്റ്റുമായി ഫ്രാഞ്ചുവും ബ്ലാസ്റ്റേഴ്‌സ് നിരയിൽ തിളങ്ങി. അവസാന അഞ്ച് മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മേയ് പതിനെട്ടിന് തങ്ങളുടെ സീസണിലെ അവസാന മത്സരത്തിൽ എഫ്‌സി ഗോവയെ കൊച്ചിയിൽ നേരിടും. ഈ വിജയക്കുതിപ്പിന്റെ ആത്മവിശ്വാസത്തിൽ മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാനാണ് ടീം ലക്ഷ്യമിടുന്നത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×