ആണവ റിയാക്ടറിൽ നിന്നുള്ള പ്രോസസ് ഹീറ്റ് ഉപയോഗിച്ച് കോപ്പർ-ക്ലോറിൻ (Cu-Cl) തെർമോകെമിക്കൽ സൈക്കിൾ സാങ്കേതികവിദ്യയിലൂടെ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ സൗകര്യം തമിഴ്നാട്ടിലെ കൽപാക്കത്തുള്ള ഇന്ദിരാ ഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് (IGCAR)-ൽ പ്രവർത്തനം ആരംഭിച്ചു.
ഈ ഹൈഡ്രജൻ ഉൽപ്പാദന സൗകര്യം ആറ്റോമിക് എനർജി വകുപ്പ് സെക്രട്ടറി ഡോ. അജിത് കുമാർ മൊഹന്തി ഉദ്ഘാടനം ചെയ്തു. ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR)-ൽ നിന്ന് ലഭിക്കുന്ന ആണവ പ്രോസസ് ഹീറ്റ് ഉപയോഗിച്ചാണ് ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ഡോ. മൊഹന്തി, ആണവോർജ്ജത്തെ ഹൈഡ്രജൻ ഉൽപ്പാദനം പോലുള്ള ശുദ്ധ ഊർജ സാങ്കേതികവിദ്യകളുമായി സംയോജിപ്പിക്കുന്നത് ഇന്ത്യയുടെ സുസ്ഥിര ഊർജ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് പറഞ്ഞു. കാർബൺ വിമോചനം ഇല്ലാതെ സ്ഥിരതയാർന്ന വൈദ്യുതി ലഭ്യമാക്കാൻ ആണവോർജ്ജത്തിന് കഴിയുന്നതിനാൽ വൻതോതിലുള്ള ഹൈഡ്രജൻ ഉൽപ്പാദനത്തിന് ഇത് ഏറ്റവും അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാഭാ ആണവ ഗവേഷണ കേന്ദ്രം (BARC), മുംബൈ തദ്ദേശീയമായി വികസിപ്പിച്ച Cu-Cl തെർമോകെമിക്കൽ പ്രക്രിയ ഉപയോഗിച്ച് ആണവോർജ്ജത്തിലൂടെ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനാകുമെന്നത് തെളിയിക്കുന്ന സാങ്കേതിക മാതൃകയായാണ് ഈ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
ഈ പദ്ധതിയുടെ ഗവേഷണം, പ്രോസസ് വികസനം, എൻജിനിയറിംഗ് രൂപകൽപ്പന, ഉപകരണ നിർമ്മാണം, സ്ഥാപനം, പരീക്ഷണം, കമ്മീഷനിംഗ് തുടങ്ങിയ എല്ലാ ഘട്ടങ്ങളും BARC-യും IGCAR-ഉം സംയുക്തമായാണ് പൂർത്തിയാക്കിയതെന്ന് ആറ്റോമിക് എനർജി വകുപ്പ് അറിയിച്ചു.



