*ലണ്ടൻ:* ലേബർ പാർട്ടി നേതൃസ്ഥാനം രാജിവെക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജി തീരുമാനം ചാൾസ് രാജാവിനെ അറിയിച്ചതായും ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ പ്രസംഗത്തിൽ സ്റ്റാർമർ പറഞ്ഞു.
പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം നിശ്ചയിക്കാൻ പാർട്ടിയുടെ ഭരണസമിതിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 9-ന് നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിച്ച്, പാർലമെന്റിന്റെ വേനൽക്കാല അവധി തുടങ്ങുന്ന ജൂലൈ 16-ഓടെ ഇത് അവസാനിക്കും. മത്സരമുണ്ടായാൽ സെപ്റ്റംബറിൽ പാർലമെന്റ് സമ്മേളിക്കുന്നതിന് മുൻപ് പുതിയ നേതാവ് ചുമതലയേൽക്കും. അതുവരെ സ്റ്റാർമർ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. സുഗമമായ ഭരണമാറ്റം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്നും, രണ്ട് വർഷം മുൻപ് താൻ ചുമതലയേൽക്കുമ്പോഴുണ്ടായിരുന്നതിനേക്കാൾ കരുത്തുറ്റതും നീതിയുക്തവുമായ ഒരു ബ്രിട്ടനാണ് തന്റെ പിൻഗാമിക്ക് കൈമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച നടന്ന മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ റിഫോം യുകെ സ്ഥാനാർത്ഥിക്കെതിരെ ഉജ്ജ്വല വിജയം നേടിയ *ആൻഡി ബേൺഹാം* ലേബർ പാർട്ടിയുടെ അടുത്ത അമരക്കാരനാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ കൂടിയായ ബേൺഹാം തിങ്കളാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, മറ്റൊരു പ്രധാന നേതാവായ മുൻ സായുധ സേനാ മന്ത്രി അൽ കാർൺസ് താൻ മത്സരത്തിനൊരുക്കമാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി.
കെയർ സ്റ്റാർമർ രാജ്യത്തിന് നൽകിയ സംഭാവനകളെയും അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും ആൻഡി ബേൺഹാം പ്രശംസിച്ചു.



